ബോംബ് ഭീഷണി?; ഡൽഹി വിമാനം വഴിതിരിച്ചുവിട്ടു, ജയ്പൂരില് അടിയന്തര ലാൻഡിങ്
ന്യൂഡൽഹി: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് ജയ്പൂരില് അടിയന്തരമായി ലാൻഡ് ചെയ്തു. ബോംബ് ഭീഷണിയെ തുടർന്നാണ് എഐ2030 എന്ന വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്നാണ് പ്രാഥമിക വിവരം. വിമാനം നിലവില് ജയ്പൂർ വിമാനത്താവളത്തിലെ ഐസലേഷൻ ബേയിലേക്കു മാറ്റിയിരിക്കുകയാണ്.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങി. പ്രാഥമിക വിവരങ്ങൾ അനുസരിച്ചു വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുമ്പോഴാണ് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചത്. എയർ ട്രാഫിക് കൺട്രോളിനെയും സുരക്ഷാ ഏജൻസികളെയും വിവരമറിയിച്ചതിനെത്തുടർന്ന് വിമാനം ജയ്പൂരിലേക്കു തിരിച്ചുവിടുകയായിരുന്നു.
ബോംബ് ഭീഷണിയായിരുന്നില്ല, റാഞ്ചൽ അഭ്യൂഹത്തിനു പിന്നാലെയാണു വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതെന്നും ഔദ്യോഗികമായി ഇപ്പോൾ പ്രതികരിക്കാനാകില്ലെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തൊരു വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.


