സൗദിയിലേക്ക്​ അഞ്ചാം ദിവസവും ആക്രമണം തുടർന്ന്​ ഹൂതികൾ; റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ്​ നാല്​ പേർക്ക്​ പരിക്ക്​

റിയാദ്​: സൗദി അറേബ്യയിലെ സിവിലിയൻ, ഊർജ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട്​ അഞ്ചാം ദിവസവും ആക്രമണം തുടർന്ന്​ യമനിലെ ഹൂതി വിമതർ. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ ആക്രമണങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച്​ നാല്​ പേർക്ക്​ പരിക്കേറ്റു​.

രണ്ട്​ സ്​ത്രീകൾക്കും കുട്ടിക്കും പുരുഷനുമാണ്​ പരിക്ക്​. 15 വീടുകൾക്കും കേടുപാട്​ സംഭവിച്ചു. ദഹ്​റാനിലെ അരാംകോ ആസ്ഥാനത്തിന്​ നേരെയും ആ​ക്രമണമുണ്ടായി. കെട്ടിടത്തിന്​ ചെറിയ തോതിൽ തീപിടിച്ചിട്ടുണ്ട്​. റിയാദിനൊപ്പം ഖമീസ്​ മുശൈത്തിലേക്കും ദമ്മാമിലേക്കും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഡ്രോണും ക്രൂയിസ്​ മിസൈലും ബാലിസ്റ്റിക്​ മി​സൈലുകളും അടക്കം ഉപയോഗിച്ച്​ നടന്ന ആക്രമണങ്ങൾ സൗദി സഖ്യസേന പ്രതിരോധിച്ചു. റിയാദിൽ അടക്കം സൗദി സിവിൽ ഡിഫൻസ്​ മുന്നറിയിപ്പും നൽകിയിരുന്നു.

സൗദിയിലെ ദഹ്റാനിലും അൽഅഹ്സയിലും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഈ മിസൈലുകൾ തകർത്തപ്പോൾ അവശിഷ്ടങ്ങൾ താമസ സ്ഥലത്ത്​ പതിച്ചിരുന്നു. ദമ്മാമിനെ ലക്ഷ്യംവെച്ചും ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായിട്ടുണ്ട്​. ദമ്മാം എയർപോർട്ടിൽ സർവീസ് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. സൗദിയിലേക്ക്​ നടത്തിയ ആക്രമണ ശ്രമങ്ങൾ പ്രതിരോധിച്ചതായി സൗദി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി വ്യക്​തമാക്കിയിട്ടുണ്ട്​.

യമനിൽ ഹൂതികളും സർക്കാർ സേനയും തമ്മിൽ ഏറ്റുമുട്ടൽ ശക്​തമായി തുടരുകയാണ്​. ഹൂതി കേന്ദ്രങ്ങളിൽ സഖ്യ സേന നേതൃത്വത്തിൽ വ്യോമാക്രമണവും നടത്തിയിരുന്നു. ഹൂതികേന്ദ്രങ്ങളോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും വരും മണിക്കൂറുകളിൽ ഏറ്റുമുട്ടൽ കനക്കുമെന്നും പിഎൽസി ചെയർമാൻ റഷാദ് ആലമി ആവശ്യപ്പെട്ടടിട്ടുണ്ട്​.

Share