ഹോർമുസിൽ 12 കപ്പലുകളിലായി 163 ഇന്ത്യൻ നാവികർ; സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഹോർമുസ് മേഖലയിലെ 12 കപ്പലുകളിലായി 163 ഇന്ത്യൻ നാവികരുണ്ടെന്നും ഇവരുടെ സുരക്ഷ പരമപ്രധാനമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണു വിശദീകരണം.
പേർഷ്യൻ ഗൾഫ് മേഖലയിൽ 6 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴുണ്ട്. ഇന്ത്യയിലേക്കുള്ള ചരക്കുമായി നീങ്ങുന്ന 6 വിദേശ കപ്പലുകളും മേഖലയിലുണ്ട്. ഈ 12 കപ്പലുകളിലായി 163 ഇന്ത്യൻ നാവികരാണുള്ളത് – വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വിശദീകരിച്ചു.
മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ കൊമേഴ്സ്യൽ കപ്പലുകളിലായി 4500 ൽ ഏറെ ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇവയുടെ സഞ്ചാരം ഉൾപ്പെടെ നിരീക്ഷിക്കുകയാണെന്നും നാവികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.


