പ്രണയവിവാഹം; രമ്യയെ കൊന്നത് സംശയത്തെ തുടർന്ന്: കഴുത്തിൽ മുറുക്കിയ കയർ കത്തിച്ചു

എറണാകുളം എടവനക്കാട് യുവതിയെ ഭർത്താവ് കൊന്നു വീടിനോടു ചേർന്നു കുഴിച്ചിട്ട സംഭവത്തിൽ പ്രതി തെളിവുകൾ നശിപ്പിച്ചതായി എറണാകുളം റൂറൽ എസ്പി വിവേക് കുമാർ. ഭാര്യ രമ്യയെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച കയർ പ്രതി കത്തിച്ചു കളഞ്ഞതായി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തി കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്തെന്നും എസ്പി വ്യക്തമാക്കി.

2021 ഓഗസ്റ്റ് 16നാണ് കൊലപാതകം നടന്നതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം അന്വേഷണത്തിലൂടെ ഉറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ഭാര്യയുടെ അമിതമായ ഫോൺ ഉപയോഗത്തിൽ ഇയാൾ അതൃപ്തി പ്രകടിപ്പിക്കുകയും ഇതിന്റെ പേരിൽ പലപ്പോഴും കലഹങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. സംഭവ ദിവസവും പ്രതി പുറത്തുപോയി വരുമ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്ന ഭാര്യയെ കണ്ട് പ്രകോപിതനായി കൊലനടത്തിയെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊലപാതക ദിവസം മക്കൾ രമ്യയുടെ വീട്ടിലായിരുന്നു.

യുവതിയുടെ സഹോദരന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് എസ്പി പറഞ്ഞു. പ്രതി സജീവനാണ് പരാതി നൽകിയത്. കേസിന്റെ തുടക്കത്തിൽ ഒരുതരത്തിലുള്ള സൂചനയും ലഭിച്ചിരുന്നില്ല. സമൂഹത്തിൽ സജീവൻ നല്ലൊരു വ്യക്തിയായിരുന്നു. മറ്റ് ക്രമിനൽ കേസുകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തെ ആദ്യം സംശയമുണ്ടായിരുന്നില്ല.

എന്നാൽ കേസ് വിവിധ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് മാറിയപ്പോൾ പലതരത്തിലുള്ള സംശയങ്ങളും അന്വേഷണ വഴികളും തുറന്നു. കൊലപാതകത്തിനുശേഷം സജീവൻ ഭാര്യയെക്കുറിച്ച് കഥകൾ മെനയുകയായിരുന്നു. ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്നും അത് വരുത്തിത്തീർക്കാൻ അയാൾ തെളിവുകൾ ഉണ്ടാക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിൽ പലപ്പോഴായി ഇയാളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചു. ഒടുവിൽ അയാൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു– എസ്പി പറഞ്ഞു.

എറണാകുളം നായരമ്പലം നികത്തിത്തറ രമേശിന്റെ മകളാണ് രമ്യ. കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ‌ ജോലി ചെയ്തിരുന്ന സമയത്താണ് കൊല ചെയ്യപ്പെടുന്നത്. പെയിന്റിങ് തൊഴിലാളിയിരുന്ന പ്രതി സജീവൻ പൊതുസമ്മതനും വിപുലമായ സൗഹൃദമുള്ളയാളുമായിരുന്നു. അതുകൊണ്ടു തന്നെ സുഹൃത്തുക്കളോ നാട്ടുകാരോ ആദ്യ ഘട്ടത്തിൽ ഇയാളെ സംശയിച്ചിരുന്നില്ല. എന്നാൽ പൊലീസ് നടത്തിയ ദീർഘനാളത്തെ നിരീക്ഷണവും മൊഴികളിലെ വൈരുധ്യവുമാണ് ഇയാളെ കുരുക്കിയത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. 17 വർഷം മുൻപു പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും രണ്ടു വർഷം മുൻപാണ് എടവനക്കാട് വീടു വാടകയ്ക്കെടുത്തു താമസം ആരംഭിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!