ചുമമരുന്ന് കുടിച്ച് കുട്ടികൾ മരിച്ച സംഭവം; 2 ഇന്ത്യൻ മരുന്നുകൾക്ക് ലോകാരോ​ഗ്യസംഘടനയുടെ വിലക്ക്

ഇന്ത്യൻ നിർമിത ചുമമരുന്ന് കഴിച്ച് ഉസ്‌ബെകിസ്താനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിനു പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾക്ക് ഉസ്ബെക്കിസ്താനിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന.

ഉസ്ബെക്കിസ്താനിലെ കുട്ടികൾ‌ക്ക് ഈ മരുന്നുകൾ നൽകരുതെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ആംബ്രൊനോൾ, ഡോക്-1 മാക്സ് എന്നീ മരുന്നുകൾക്കാണ് വിലക്ക്. ഈ ഉത്പന്നങ്ങളുടെ സുരക്ഷയും ​ഗുണനിലവാരവും സംബന്ധിച്ച് നിർ‌മാതാക്കൾ ഇതുവരെയും രേഖകൾ സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് നടപടി എന്നും ലോകാരോ​ഗ്യസംഘടന അറിയിച്ചു.

നോയിഡയിലെ മാരിയോണ്‍ ബയോടെക്ക് കമ്പനി നിര്‍മിച്ച ‘ഡോക്-1 മാക്‌സ്’ ചുമമരുന്ന് കഴിച്ച് 18 കുട്ടികള്‍ മരിച്ചെന്നായിരുന്നു ഉസ്‌ബെകിസ്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന. പനിക്കും ചുമയ്ക്കുമായി നൽകിയ മരുന്നുകൾ കഴിച്ച കുട്ടികൾ കടുത്ത ശ്വാസകോശരോഗങ്ങൾമൂലമാണ് മരിച്ചത്. മരുന്നിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന മാരക രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന് ഉസ്‌ബക്കിസ്താൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രാഥമിക പരിശോധനാറിപ്പോർട്ടിലുണ്ട്.

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഫാര്‍മസിസ്റ്റുകളും രക്ഷിതാക്കളും നിര്‍ദേശിച്ചതുപ്രകാരം മരുന്ന് കഴിച്ച കുട്ടികള്‍ക്കാണ് മരണം സംഭവിച്ചതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. രണ്ടുമുതല്‍ ഏഴുദിവസം വരെ മരുന്ന് കഴിച്ച കുട്ടികളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും(നോര്‍ത്ത് സോണ്‍) ഉത്തര്‍പ്രദേശ് ഡ്രഗ്‌സ് കണ്‍ട്രോളിങ് ആന്‍ഡ് ലൈസന്‍സിങ് അതോറിറ്റിയും സംയുക്തമായാണ് അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. ആരോപണമുയര്‍ന്ന ചുമമരുന്നിന്റെ ഉത്പാദനം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

ഒക്ടോബറിൽ ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിന് കാരണമായ ഹരിയാണയിലെ മെയ്ഡൻ ഫാർമയുടെ മരുന്നിലും എഥിലീൻ ഗ്ലൈക്കോൾ ഉയർന്ന അളവിലുണ്ടെന്നാണ് ആരോപണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!