ജോഷിമഠിലെ സ്ഥിതി അതീവ ഗുരുതരം; 4 വാർഡുകളിൽ പ്രവേശനം നിരോധിച്ചു. നാട്ടുകാരെ ഒഴിപ്പിക്കും – വീഡിയോ

ഭൂമി ഇടിഞ്ഞുതാഴ്ന്നു വീടുകൾ തകരുന്ന ഉത്തരാഖണ്ഡിലെ തീ‍ർഥാടനകേന്ദ്രമായ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം. 4 വാർഡുകളിൽ പ്രവേശനം നിരോധിച്ചു. സിങ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനിൽ എന്നിവിടങ്ങളിൽ അവസ്ഥ സങ്കീർണമാണ്. നാട്ടുകാരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അഭ്യർഥിച്ചു. ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറിയും എൻഡിഎംഎ അംഗങ്ങളും പ്രദേശം സന്ദർശിക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽ സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.

 

 

 

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയോഗിച്ച വിദഗ്ധ സംഘങ്ങൾ ജോഷിമഠ് സന്ദർശിച്ച് അപകട മേഖലകളെ വിവിധ സോണുകളായി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്. പ്രദേശത്തേക്കു തിരിച്ചുവരവ് സാധ്യമാകില്ലെന്നും തപോവൻ ഹൈഡ്രോ പവർ പ്രൊജക്ട് അടക്കമുള്ള നിർമാണങ്ങളാണു പ്രശ്നത്തിനു കാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു. വൻകിട നിർമാണ പ്രവർത്തനങ്ങൾ ജോഷിമഠിനെ തകർക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ഇനിയെങ്കിലും കേൾക്കാൻ സർക്കാർ തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആവശ്യപ്പെട്ടു.

ജോഷിമഠിലെ പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള നടപടികൾക്കു കേന്ദ്രം മുൻകയ്യെടുക്കും. ഉത്തരാഖണ്ഡ് സർക്കാരിനെ ഇക്കാര്യങ്ങളിൽ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസ് കഴിഞ്ഞദിവസം വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ജോഷിമഠിൽ 4,500 കെട്ടിടങ്ങളുള്ളതിൽ 610 എണ്ണം വിള്ളൽ വീണതിനാൽ വാസയോഗ്യമല്ലാതായെന്നാണു കണക്ക്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!