അൽ ഫഹം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍, നരഹത്യാക്കുറ്റം ചുമത്തി
കോട്ടയം: സംക്രാന്തിയിലെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഏറ്റുമാനൂര്‍ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാടാമ്പുഴയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. മരണം സംഭവിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് ആദ്യ അറസ്റ്റ് ഉണ്ടാവുന്നത്. ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ട രശ്മി രാജ് ഭക്ഷണം കഴിച്ചത് ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലില്‍ നിന്നുതന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ രശ്മി രാജ് ഡിസംബര്‍ 29-ാം തീയതിയാണ് മലപ്പുറം കുഴിമന്തിയില്‍നിന്ന് അല്‍ഫാം വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ രാത്രിയോടെ ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇതോടെ ഹോസ്റ്റലില്‍നിന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ സ്ഥിരീകരിച്ചതോടെ പിന്നീട് ട്രോമാ കെയര്‍ തീവ്രപരിചരണ യൂണിറ്റിലേക്ക് മാറ്റി. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക