ബിജെപിയോട് ഉടക്ക്; വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കോ?
ന്യൂഡല്‍ഹി: വരുണ്‍ ഗാന്ധി എംപി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ചര്‍ച്ചകള്‍ സജീവം. സമീപകാലത്ത് വരുണ്‍ ഗാന്ധി നടത്തിയ പ്രസ്താവനകളും സ്വന്തം പാര്‍ട്ടിയുടെ നയങ്ങളെയും കീഴ്‌വഴക്കങ്ങളെയും കുറിച്ചുള്ള തുറന്ന വിമര്‍ശനങ്ങളുമാണ് ഇങ്ങനൊരു ചര്‍ച്ചയിലേക്ക് വഴിവെച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ബിജെപിയോടുള്ള അദ്ദേഹത്തിന്റെ നിരാശ പ്രകടമായിരുന്നു.
‘ഞാന്‍ നെഹ്‌റുവിനും കോണ്‍ഗ്രസിനും എതിരല്ല. ആഭ്യന്തരയുദ്ധത്തിന് പ്രേരപ്പിക്കുന്നതല്ല മറിച്ച് ആളുകളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയം. ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരില്‍ മാത്രം വോട്ട് സമ്പാദിക്കുന്നവര്‍ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ ചോദിക്കണം. ആളുകളെ അടിച്ചമര്‍ത്തുന്നതില്‍ വിശ്വസിക്കുന്ന രാഷ്ട്രീയം നമ്മള്‍ പിന്തുടരരുത്. ആളുകളുടെ പുരോഗമനമാണ് നാം രാഷ്ട്രീയത്തിലൂടെ ചെയ്യേണ്ടത്’, വരുണ്‍ ഗാന്ധി പറഞ്ഞു
ബിജെപി നേതൃത്വത്തിനും നയങ്ങള്‍ക്കും എതിരായ വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം പല സമയങ്ങളിലും ചര്‍ച്ച ആയിരുന്നു. സംഘപരിവാര്‍ കോണ്‍ഗ്രസിനും നെഹ്‌റുവിനുമെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോഴും വരുണ്‍ ഗാന്ധി മൗനം പാലിച്ചിരുന്നു.
2019ലെ മോദി മന്ത്രിസഭയില്‍ തന്റെ അമ്മ മനേക ഗാന്ധിക്കോ തനിക്കോ സ്ഥാനം ലഭിക്കാതെ വന്നതോടെയാണ് വരുണ്‍ ഗാന്ധിയുടെ വിയോജിപ്പിന്റെ ആദ്യ സൂചനകള്‍ പുറത്തുവന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള നേതാവായി വരുണ്‍ ഗാന്ധിയെ പരാമര്‍ശിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നാല്‍ ഇതിന് തടയിട്ടുകൊണ്ടായിരുന്നു യോഗി ആദിത്യനാഥ് പെട്ടെന്ന് ആ സ്ഥാനത്തേക്ക് വന്നത്. ഇതേ തുടര്‍ന്ന് പിന്നീടിങ്ങോട്ട് ബിജെപിയെ വിമര്‍ശിക്കാനുളള ഒരു അവസരവും വരുണ്‍ പാഴാക്കിയിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക