ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (19) യാണ് മരിച്ചത്. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകളുണ്ടായത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അഞ്ജുശ്രീ പാര്‍വ്വതി. ക്രിസ്മസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടില്‍വെച്ച് കുടുംബത്തിനൊപ്പം ഭക്ഷണം കഴിച്ചു. ഇതിൽ സഹോദരൻ ഒഴികെ 3 പേർക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. പിറ്റേന്ന് അഞ്ജുശ്രീ ദേളിയിലെ  സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നു.

 

വെള്ളിയാഴ്ച രാവിലെ എഴുന്നേൽക്കാൻ പോലുമാകാത്തതിനാൽ  ആദ്യം കാസർകോട്ടെയും പിന്നീട് മംഗളൂരുവിലെയും സ്വകാര്യ  ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചിനാണ് മരിച്ചത്. കാസർകോട് അടുക്കത്ത്ബയിലെ ഒരു ഹോട്ടലിൽ നിന്നാണ് കുഴിമന്തി ഓർഡർ ചെയ്ത് വരുത്തിച്ചതെന്ന് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പെരുമ്പള അരീച്ചംവീട്ടിലെ പരേതനായ കുമാരൻ നായരുടെയും അംബികയുടെയും മകളായ അഞ്ജുശ്രീ മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്.

അഞ്ജുശ്രീ പാര്‍വതിയുടെ നിലമോശമായിരുന്നു. തുടര്‍ന്ന്‌ കാസര്‍കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേല്‍പ്പറമ്പ് പോലീസിന് നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ദേശീയപാതയില്‍ അടുക്കത്ത് ബയലില്‍ അല്‍ റൊമാന്‍സി എന്ന കടയില്‍ നിന്നാണ് അഞ്ജുശ്രീ കുഴിമന്തി ഓര്‍ഡര്‍ ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

അതേസമയം, ഭക്ഷ്യവിഷബാധ പരിശോധിക്കാന്‍ രണ്ടുസംഘങ്ങളെ ചുമതലപ്പെടുത്തി. കാസര്‍കോടും കണ്ണൂരുമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തും. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും. അഞ്ജുവിനെ പരിചരിച്ച ഡോക്ടറുടെ മൊഴിയെടുക്കും.

ഭക്ഷ്യവിഷബാധയേത്തുടര്‍ന്ന് സംസ്ഥാനത്ത് ആറുദിവസത്തിനിടെ ജീവന്‍ നഷ്ടപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. കോട്ടയം സംക്രാന്തിയില്‍ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് വരുത്തിച്ച അല്‍ഫാം കഴിച്ച് നഴ്‌സായ രശ്മി മരണപ്പെട്ടത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!