എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രികന് രണ്ടു തവണ ഹൃദയാഘാതം; രക്ഷിച്ച് ഇന്ത്യന്‍ ഡോക്ടർ
ബെർമിങ്ഹാം. ലണ്ടനില്‍ നിന്നുള്ള എയർ ഇന്ത്യ വിമാനത്തില്‍ ഇന്ത്യക്കാരനായ ഡോക്ടര്‍ ഒരു സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച വിവരങ്ങൾ ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ഹോസ്പിറ്റൽ അധികൃതർ പങ്ക് വച്ചത് ഇന്ത്യക്കാർക്ക് ഏറെ അഭിമാനിക്കാനുള്ള അവസരമായി. ബെർമിങ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ കരള്‍ സ്‌പെഷലിസ്റ്റായ ഡോ.വിശ്വരാജ് വെമലയാണു (48) നീണ്ട പരിശ്രമത്തിനൊടുവില്‍ സഹയാത്രികനെ രക്ഷിച്ചത്. അമ്മയോടൊപ്പം മുംബൈയിലേക്കു പോകുകയായിരുന്ന ഡോ.വിശ്വരാജ് സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രാമധ്യേ ഒരു സഹയാത്രികനു ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു.
വിമാനത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ സാമഗ്രികളും യാത്രക്കാരില്‍ നിന്നുള്ള സാധനങ്ങളും ഉപയോഗിച്ചു ഡോക്ടര്‍ വെമല 43 കാരനായ യാത്രികനെ രണ്ടു തവണയാണു മരണത്തിൽ നിന്നു തിരികെ ജീവിതത്തിലേക്കു എത്തിച്ചത്. തന്റെ അനുഭവം ജീവിതകാലം മുഴുവന്‍ ഓര്‍ക്കുമെന്നും മെഡിക്കല്‍ പരിശീലന സമയത്ത് ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്ത അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഒരിക്കലും 40,000 അടി ഉയരത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
നവംബറില്‍ ലണ്ടനില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണു യാത്രക്കാരനു ഹൃദയസ്തംഭനം സംഭവിക്കുകയും നാഡിമിടിപ്പ് നിലയ്ക്കുകയും ചെയ്തത്. തുടര്‍ന്നാണ് ഡോക്ടര്‍ വെമല മുന്നോട്ടു വന്നു യാത്രക്കാരനെ പരിചരിക്കാന്‍ തുടങ്ങിയത്. ഒരു മണിക്കൂറോളം പരിശ്രമിച്ചാണു യാത്രക്കാരനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞത്. എന്നാല്‍ അൽപം കഴിഞ്ഞതോടെ യാത്രക്കാരനു വീണ്ടും ഹൃദയസ്തംഭനമുണ്ടായി. തുടർന്നു നാലു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ജീവന്‍ തിരിച്ചു കിട്ടിയത്.
എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന എമര്‍ജന്‍സി കിറ്റ് തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണെന്ന് ഡോക്ടര്‍ പറഞ്ഞു. കിറ്റിൽ അത്ഭുതപ്പെടുത്തുന്ന തരത്തില്‍, ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും വിമാനജീവനക്കാരുടെ സമയോചിത പ്രവര്‍ത്തനങ്ങൾ ഏറെ സഹായകമായെന്നും കൂട്ടിച്ചേര്‍ത്തു.
തന്റെ ജീവന്‍ രക്ഷിച്ചതിനു ഡോക്ടര്‍ വെമലയോട് യാത്രക്കാരന്‍ നന്ദി പറഞ്ഞു. പൈലറ്റ് മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിന് മുൻപായിത്തന്നെ അടിയന്തിര സേവനങ്ങളും ഏര്‍പ്പാട് ചെയ്ത്തിരുന്നു. വിമാനക്കമ്പനി ജീവനക്കാരും മറ്റു യാത്രക്കാരും ഡോക്ടര്‍ വെമലയോടു നന്ദി രേഖപ്പെടുത്തി. ഡോക്ടർ ഇന്ത്യയിൽ നിന്നു തിരികെ എത്തിയപ്പോഴാണു ബെർമിങ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അധികൃതർ വിവരങ്ങൾ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പങ്ക് വച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക