അഞ്ജലിയുടെ ശരീരത്തിൽ 40 മുറിവുകൾ; തൊലി ഉരിഞ്ഞ് പോയി, തലയോട്ടി തകർന്നു, വാരിയെല്ലുകൾ പുറംതള്ളി. യുവതി മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തൽ

പുതുവത്സര രാവിലെ അപകടത്തിൽ വാഹനത്തിന്റെ അടിയിൽ കുടുങ്ങി യുവതി മരിച്ച സംഭവത്തിൽ, അപകടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരിച്ച അഞ്ജലി സിങ്ങിന്റെ ശരീരത്തിൽ 40 മുറിവുകളെങ്കിലും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ശരീരത്തിലെ തൊലി ഉരിഞ്ഞ് പോയി. വാരിയെല്ലുകൾ പുറംതള്ളിയ നിലയിലായിരുന്നു. തലയോട്ടിയുടെ അടിഭാഗം പൊട്ടി. മസ്തിഷ്കവും തകര്‍ന്നു. തലയ്ക്കും നട്ടെല്ലിനും കൈകാലുകൾക്കും പരുക്കേറ്റിരുന്നു. ഇടിയുടെ ആഘാതവും രക്തസ്രാവവുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ലൈംഗിക അതിക്രമമുണ്ടായിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ലൈംഗിക ആക്രമണം സൂചിപ്പിക്കുന്ന മുറിവുകളൊന്നും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. മൃതദേഹം നഗ്നമായി കണ്ടെത്തിയതിനെ തുടർന്ന് പീഡനത്തിനരയായതായി സംശയമുണ്ടെന്ന് അഞ്ജലിയുടെ അമ്മ പറഞ്ഞിരുന്നു.

പുതുവത്സരരാവിൽ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ കാർ അഞ്ജലിയുടെ സ്കൂട്ടറിൽ ഇടിച്ച ശേഷം 12 കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയായിരുന്നു. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുല്‌ത്താൻപുരിയിലെ കാഞ്ചവാലയിലാണ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട അഞ്ജലി സിങ് മദ്യപിച്ചിരുന്നുവെന്നും എന്നിട്ടും സ്‌കൂട്ടറില്‍ കൂടെ യാത്ര ചെയ്യാന്‍ അഞ്ജലി നിര്‍ബന്ധിച്ചുവെന്നും  ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിധി മാധ്യമങ്ങളോടു പറഞ്ഞു. അഞ്ജലി കാറില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഡ്രൈവര്‍ക്ക് അറിയാമായിരുന്നുവെന്നും നിധി കൂട്ടിച്ചേർത്തു. എന്നാൽ സ്‌കൂട്ടിയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് പരിഭ്രാന്തരായെന്നും യുവതി കുടുങ്ങിയതായി അറിയില്ലായിരുന്നുവെന്നുമാണ് കാറിലുണ്ടായിരുന്ന അഞ്ച് പേരും പോലീസിനോട് പറഞ്ഞത്.

കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ ബിജെപി നേതാവാണെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!