ലോകകപ്പ് കിരീടം ആഘോഷമാക്കി ജിദ്ദയിലെ അര്‍ജന്‍റീന ആരാധകര്‍
ജിദ്ദ: ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ കിരീട നേട്ടത്തിന്‍റെ ആവേശം ആരാധകര്‍ക്ക് ഇനിയും കെട്ടടങ്ങിയിട്ടില്ല. 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് ലോകകപ്പ് കൊണ്ടുവന്ന മെസ്സിപ്പടയുടെ നേട്ടത്തില്‍ പ്രവാസ ലോകത്തും ആഘോഷം തുടരുകയാണ്. ജിദ്ദയിലെ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ആഘോഷ രാവ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് സമ്പന്നമായിരുന്നു. മലയാളികളായ ആരാധകരാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും സ്വദേശികളും ഇന്ത്യയിളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ആഘോഷ രാവില്‍ പങ്കാളികളായി.
മുന്‍ മത്സരങ്ങളില്‍ കിരീടം കിട്ടാതെ പോയപ്പോഴും ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൌദിയോട് പരാജയപ്പെട്ടപ്പോഴും കളിയാക്കിയവരോടുള്ള കണക്ക് തീര്‍ക്കുക കൂടിയായിരുന്നു ജിദ്ദയിലെ ഷറഫിയ ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടി. മഴ മുന്നറിയിപ്പ് ഉണ്ടായിട്ടും മുന്നൂറിലേറെ ആരാധകര്‍ അര്‍ജന്‍റീനയുടെ ജഴ്ശിയണിഞ്ഞു ആഘോഷങ്ങളില്‍ പങ്കെടുത്തു.
ലോകകപ്പിന്‍റെ മാതൃക ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ച് പ്രകടനമായി ആരാധകര്‍ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. സൌദി ഇന്ത്യന്‍ ഫൂട്ബാള്‍ ഫോറം പ്രസിഡന്‍റ് ബേബി നീലാംമ്പ്ര ഉദ്ഘാടനം ചെയ്തു. ജിദ്ദ അര്‍ജന്‍റീന അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഒരു മീറ്റര്‍ നീളമുള്ള കേക്ക് കട്ട് ചെയ്തു. അര്‍ജന്‍റീനയുടെ ഫുട്ബോള്‍ ചരിത്രയും, ഖത്തര്‍ ലോക കപ്പിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവും പ്രമുഖ ഗായകര്‍ പങ്കെടുത്ത സംഗീത വിരുന്നും ഉണ്ടായിരുന്നു.
ജിദ്ദയിലെ സ്വദേശി സംഗീത വിദഗ്ദരുടെ നേതൃത്വത്തിലുള്ള ചില്‍സ് ഡി.ജെ ഗ്രൂപ്പ് ഒരുക്കിയ ഡി.ജെ ആയിരുന്നു ആഘോഷ രാവിന്‍റെ മുഖ്യ ആകര്‍ഷണം. ഡി.ജെയുടെ വൈവിധ്യമാര്‍ന്ന താളത്തിനൊത്ത് ആരാധകര്‍ ചുവടുവെച്ചു. ഇരിപ്പിടത്തില്‍ നിന്നെണീറ്റ ഫൂട്ബാള്‍ പ്രേമികള്‍ വര്‍ണാഭമായ മിന്നല്‍ വെളിച്ചത്തിന്‍റെ പശ്ചാത്തലത്തില്‍ മതിമറന്നാടിയത് ആഘോഷ രാവിനെ അവിസ്മരണീയമാക്കി.
ജിദ്ദ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഹിഫ്സൂറഹ്മാന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ ജലീല്‍ കണ്ണമംഗലം സ്വാഗതം പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു. ഡോ.ഇന്ദു ചന്ദ്രശേഖരന്‍, സലാഹ് കാരാടന്‍, ജുനൈസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ബിനുമോന്‍, നൌഫല്‍ കരീം, നൌഷാദ് ചാത്തല്ലൂര്‍, പ്രവീണ്‍, ഫവാസ് മുത്തു, മന്‍സൂര്‍ ബ്ലാക്ക് & വൈറ്റ്, ഷാഫി കൊട്ടപ്പുറം, മുജീബ് മുത്തേടം, മന്‍സൂര്‍ നിലമ്പൂര്‍, ശംനാദ് തിരുവനന്തപുരം, അനില്‍, ഫൈസല്‍ മൊറയൂര്‍, ഹാരിസ് കൊന്നോല, രാധാകൃഷ്ണന്‍, സാഗര്‍, സുല്‍ഫി, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക