മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ തിരികെ ജോലിയിൽ പ്രവേശിച്ചു

ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിനു സസ്പെൻഷനിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവും അധ്യാപകനുമായ ഫർസീൻ മജീദ് തിരികെ ജോലിയിൽ പ്രവേശിച്ചു. കണ്ണൂർ മട്ടന്നൂർ യുപി സ്കൂൾ അധ്യാപകനായ ഫർസീൻ മജീദ്, ആറു മാസത്തിനു ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. 2022 ജൂൺ 13നു കണ്ണൂർ – തിരുവനന്തപുരം ഇൻഡിഗോ വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയപ്പോൾ വിമാനത്തിലെ യാത്രക്കാരായ യൂത്ത് കോൺഗ്രസ‌ുകാർ ഫർസീൻ മജീദ്, നവീൻകുമാർ എന്നിവർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിലായിരുന്നു സസ്പെൻഷൻ.

ഇതുമായി ബന്ധപ്പെട്ട കേസ് വധശ്രമക്കേസാക്കി പൊലീസ് മാറ്റിയത് വിവാദമായിരുന്നു. ഗൂഢാലോചനയും ഉൾപ്പെടുത്തി. ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കവും പ്രതിഷേധത്തിനു കാരണമായി. ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്ത് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുന്നതിനിടെയായിരുന്നു പൊലീസിന്റെ കാപ്പ നീക്കം.

 

ഇതിനിടെ, അതേ വിമാനത്തിൽ യാത്ര ചെയ്ത ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ മർദിച്ചു തള്ളിയിടുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ മാത്രമാണ് ആദ്യം കേസെടുത്തത്. ഇവരെ അറസ്റ്റ് ചെയ്തു ജയിലിലാക്കി.

ജയരാജനും മുഖ്യമന്ത്രിയുടെ 2 ജീവനക്കാരും ചേർന്നു തങ്ങളെ ക്രൂരമായി മർദിച്ചെന്ന് ഇവർ പരാതിപ്പെട്ടിട്ടും കേസ് എടുത്തില്ല. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥിനെതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കും കേസ് എടുത്തു. പ്രതിഷേധക്കാർക്കെതിരെ വിമാനക്കമ്പനി 2 ആഴ്ചത്തെ വിലക്കേർപ്പെടുത്തിയപ്പോൾ ജയരാജനെതിരെ 3 ആഴ്ചത്തെ വിലക്കു വന്നു. ഇതിനിടെയാണ് ഫർസീൻ മജീദിനെ സസ്പെൻഡ് ചെയ്തത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!