കാറിടിച്ച് യുവതി റോഡിലൂടെ വലിച്ചിഴക്കപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്; സ്കൂട്ടറിൽ അഞ്ജലിക്കൊപ്പം സുഹൃത്തും; അപകടത്തിനുശേഷം രക്ഷപ്പെട്ടു – വീഡിയോ

ഡൽഹിയിൽ സുൽത്താൻപുരിലെ കാഞ്ചവാലയിൽ മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരിച്ച അമൻ വിഹാർ സ്വദേശി അഞ്ജലി സിങ്ങിനൊപ്പം സുഹൃത്തും സ്കൂട്ടറിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിസ്സാര പരുക്കു പറ്റിയ പെൺകുട്ടി, സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്തിയെന്നും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

അപകടത്തിനു പിന്നാലെ അഞ്ജലിയുടെ കാൽ, കാറിന്റെ ആക്സിലിൽ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാൻ കാരണമായതെന്നും പൊലീസ് പറഞ്ഞു. അപകടം നടന്നതു സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് റൂട്ട് മാപ്പ് തയാറാക്കുന്നതിനിടെയാണ് സുഹൃത്തും ഒപ്പമുണ്ടായിരുന്നെന്നുള്ള പൊലീസ് നിർണായക കണ്ടെത്തൽ.

 

 

വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയിൽ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടർ ഡൽഹിയിൽ സുൽത്താൻപുരിലെ കാഞ്ചവാലയിലാണു കണ്ടെത്തിയത്. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണൻ (27), മിഥുൻ (26), മനോജ് മിത്തൽ (27) എന്നിവരെ പിടികൂടി. ഇവരെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കാറിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെന്ന കൺട്രോൾ റൂം സന്ദേശം ഞായറാഴ്ച പുലർച്ചെ 3.24നാണ് പൊലീസിന് ആദ്യം ലഭിച്ചത്. അന്വേഷണം നടത്തുന്നതിനിടെ 4.11നും സമാന സന്ദേശം ലഭിച്ചു. പിന്നാലെ കൃഷൻ വിഹാറിലെ ഷൈനി ബസാറിനടുത്തു മൃതദേഹം കണ്ടെത്തി. സ്കൂട്ടറും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കാറിൽ യുവതിയുടെ രക്തം കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് സൂചിപ്പിക്കുന്നു.

 

 

പോസ്റ്റ്മോർട്ടത്തിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും പീഡനാരോപണം പരിശോധിക്കുമെന്നും ഡൽഹി സ്പെഷൽ കമ്മിഷണർ സാഗർ പ്രീത് ഹൂഡ വിശദീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം സ്പെഷൽ പൊലീസ് കമ്മിഷണർ ശാലിനി സിങ്ങിനെ അന്വേഷണച്ചുമതല ഏൽപിച്ചു.

പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തുന്നതില്‍ വ്യക്തമായ ഉറപ്പ് ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. അഞ്ച് പ്രതികൾക്കും വധശിക്ഷ ഉറപ്പാക്കണെന്ന് യുവതിയുടെ അമ്മ ആവശ്യപ്പെട്ടു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വർഷം മുൻപു മരിച്ചു.

 

സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം കാണുക..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!