‘മന്ത്രിമാർക്കും എംഎൽഎമാർക്കും കൈനിറയേ…’; ശമ്പള വർധന കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: മന്ത്രിമാർക്കും എംഎൽഎമാർക്കും സന്തോഷവാർത്ത. ശമ്പളം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബില്ല് നാളെ നിയമസഭയിൽ അവതരിപ്പിക്കും. പുതിയ തീരുമാനപ്രകാരം എംഎൽഎമാരുടെ ശമ്പളം 98000 രൂപയും, മന്ത്രിമാരുടേത് 1.33 ലക്ഷം രൂപയുമാകും.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ
**കിഫ്ബി വഴി കണ്ണൂര്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്കിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.
**പാലക്കാട് നെന്മാറയില് 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന് തീരുമാനിച്ചു. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കും.
**പട്ടികജാതി-പട്ടിക വര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നല്കി. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്നും 6 ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായും ഉയര്‍ത്തി.
** 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിംഗില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി നല്കാന് തീരുമാനിച്ചു.
**പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ല്‍ നിന്നും 7:3 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
** കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിര്‍ദേശം അനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍ പാര്‍ട്ട് 1 ഷെഡ്യൂള്‍ ലിസ്റ്റ് 3 – മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (OBC) പട്ടികയിലെ എന്‍ട്രി നമ്പര്‍ 55 ല്‍ പട്ടാരിയ (Pattariya) എന്ന വിഭാഗത്തേയും എന്‍ട്രി നമ്പര്‍ 62 ല്‍ ശാലിയ (Saliya) വിഭാഗത്തേയും കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനിച്ചു.
**പൊലീസ് വകുപ്പില്‍ പുനര്‍വിന്യസിച്ച 86 എസ്ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പി.എസ്.സി സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു.


