സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ച് പരിശോധന; 15-18 പ്രായമുള്ള താരം സബ് ജൂനിയർ വിഭാഗത്തിൽ സ്വർണം നേടി
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ നടന്ന പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സ്ഥിരീകരിത്തക്. കോരുത്തോട് സ്കൂളിലെ താരമാണ് മെഡിക്കൽ കോളേജിൽ നടത്തിയ എല്ലുപരിശോധനയിൽ പരാജയപ്പെട്ടത്.
14 വയസ്സിന് താഴെയുള്ളവർ മത്സരിക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15-നും 18-നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.
ഈ വർഷം ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റർ, 400 മീറ്റർ, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററിൽ സ്വർണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു. താരത്തിന് രണ്ട് ആധാർ കാർഡുകൾ ഉണ്ടെന്ന് ആരോപിച്ച് മാർ ബേസിൽ, ഐഡിയൽ സ്കൂളുകളാണ് പരാതി നൽകിയത്.
തട്ടിപ്പ് തെളിഞ്ഞതിൽ സന്തോഷമെന്ന് പരാതിക്കാരിയായ കോതമംഗലം മാർ ബേസിൽ സ്കൂൾ അധ്യാപിക ഷിബി മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരിച്ച മറ്റ് കുട്ടികളുടെ കാര്യം ആലോചിക്കുമ്പോഴാണ് സങ്കടം. പരിശോധന നടത്താൻ തയാറായ സർക്കാറിന് നന്ദിയുണ്ടെന്നും ഷിബി പറഞ്ഞു. ഈ ഇനത്തിൽ മാത്രമല്ല, ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ, 600 മീറ്റർ, ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപ് എന്നീ ഇനങ്ങളിലും പ്രായത്തട്ടിപ്പ് പരാതിയുയർന്നിരുന്നു. ഈ വിദ്യാർത്ഥികളുടെ ബോൺ ടെസ്റ്റ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.
….


