ഗസ്സയിൽ അൽ-ഷിഫ ആശുപത്രിക്ക് നേരെ ക്രൂരമായ ആക്രമണം; 39 കുരുന്നുകൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞ് മരിച്ചു, ആശുപത്രിയുടെ പ്രവർത്തനം നിലച്ചു – വീഡിയോ

  • അൽ ഷിഫ ആശുപത്രിക്ക് നേരെ ശക്തമായ ബോംബാക്രമണം. തീ പിടുത്തം.
  • മൃതദേഹങ്ങൾ കുമിഞ്ഞ് കൂടുന്നു, ആശുപത്രിക്കുള്ളിൽ കൂട്ടകുഴിമാടമൊരുക്കുമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം.
  • 39 കുട്ടികൾ ഓക്സിജൻ കിട്ടാതെ പിടഞ്ഞ് മരിച്ചു.
  • ആശുപത്രിയുടെ 300 മീറ്റർ ചുറ്റളവിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു.

 

ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ 36-ാം ദിവസമായ ഇന്ന് (ശനി), ഇസ്രായേൽ സേന ഗസ്സയിലെ ആശുപത്രികൾക്ക് നേരെ ബോംബാക്രമണം ശക്തമാക്കി. ഗാസ മുനമ്പിലെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രമായ അൽ-ഷിഫ മെഡിക്കൽ കോംപ്ലക്‌സ് ലക്ഷ്യമാക്കി നടത്തിയ ബോംബാക്രമണത്തിൽ ക്രൂരമായ ആക്രമണമാണ് ഇസ്രായേൽ സേന നടത്തിയത്. ഇതിനെ തുടർന്ന് അൽ ഷിഫ ആശുപത്രി പ്രവർത്തനം നിറുത്തി വെച്ചു.

മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നതിനാൽ അൽശിഫ ഹോസ്പിറ്റലിനകത്ത് കൂട്ടുക്കുഴിമാടമൊരുക്കുകയാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ശസ്ത്രക്രിയ വിഭാഗത്തിന് നേരെയും അത്യാഹിത വിഭാഗത്തിന് നേരെയും നടത്തിയ ബോംബാക്രമണത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗങ്ങളുടേയും ശിശുരോഗ വിഭാഗങ്ങളുടേയും പ്രവർത്തനം നേരത്തെ നിലച്ചിരുന്നു. ബോംബാക്രമണത്തിൽ കിഡ്നി വിഭാഗത്തിൽ തീപിടുത്തവുമുണ്ടായി. ആക്രമണം കൂടുതൽ  ശക്തമായതിനെ തുടർന്നാണ് പ്രവർത്തനം നിറുത്തിവെച്ചത്.

അൽഷിഫ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന 39 കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ ഇന്ന് പിടഞ്ഞ് മരിക്കുകയും ചെയ്തു. ഇസ്രായേൽ ബോംബാക്രമണവും ഇന്ധനക്ഷാമവും കാരണം 35 ആശുപത്രികളിൽ 20 എണ്ണവും പ്രവർത്തനം അവസാനിപ്പിച്ചു.

 

 

 

സ്ഥിതിഗതികൾ വിനാശകരമായി മാറിയെന്നും ആശുപത്രിക്കുള്ളിൽ കൂടുതൽ കുട്ടികൾ മരണത്തോട് മല്ലിടുകയാണെന്നും രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നും ഗാസയിലെ ആരോഗ്യ സ്രോതസ്സുകൾ മുന്നറിയിപ്പ് നൽകി.

അൽ-നാസർ ഹോസ്പിറ്റലിന് നേരെയും ഇന്ന് ബോംബാക്രമണമുണ്ടായി. ഇത് മൂലം നഴ്സറി ഡിപ്പാർട്ട്മെൻ്റ് നശിച്ചു. സൗരോർജ്ജ സംവിധാനം തകർക്കാനും ഇസ്രായേൽ ലക്ഷ്യം വെച്ചു. ഇത് മൂലം ആശുപത്രിയിൽ വൈദ്യുതിയും വെള്ളവും തടസ്സപ്പെടാൻ കാരണമായി. ഫലസ്തീൻ ചരിത്രത്തിലും അന്താരാഷ്‌ട്ര ചരിത്രത്തിലും അഭൂതപൂർവമായ ദുരന്തമാണ് ഇപ്പോൾ ഗാസയിൽ നടന്ന് കൊണ്ടിരിക്കുന്നത്. ആശുപത്രികൾ ഉപരോധിക്കുകയും ബോംബെറിയുകയും അതിലുള്ളവർ ലോകത്തിനുമുമ്പിൽ കൊല്ലപ്പെടുകയും ചെയ്യുന്നു.

 

 

 

ഗാസ മുനമ്പിലെ നിരവധി പ്രദേശങ്ങളിലും പലസ്തീൻ ചെറുത്തുനിൽപ്പുവിഭാഗവും അധിനിവേശ സേനയും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ തുടരുകയാണ്.  നിരവധി ഫലസ്തീനികളുടെ വീടുകൾക്ക് നേരെ ഇന്നും ആക്രമണമുണ്ടായി. ആക്രമണത്തിൽ നിരവധി സിവിലിയൻമാർ കൊല്ലപ്പെടുകയും ചെയ്തു.

രോഗികളും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകളാണ് അൽശിഫ ഹോസ്പിറ്റലിൽ കുടുങ്ങിക്കിടക്കുന്നത്. ആശുപത്രിയുടെ 300 മീറ്റർ ചുറ്റളവിൽ വലിയ ഏറ്റുമുട്ടലാണ് നടക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. നേരത്തെ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളവരെ ലക്ഷ്യമിട്ടാണ് വീണ്ടും ആക്രമണം നടക്കുന്നതെന്ന് അൽശിഫ ഹോസ്പിറ്റൽ ഡയറക്ടർ ജനറൽ പറഞ്ഞു.

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!