സംഘര്‍ഷങ്ങള്‍ക്കിടയിലും ഇറാന്‍-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: ഖത്തർ

ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളും തുടരുന്നതായി ഖത്വര്‍. സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍-അന്‍സാരി വ്യക്തമാക്കി.

അതിനിടെ, റിയാദ് ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതായി സഊദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍-മാലിക്കി അറിയിച്ചു. തെഹ്റാനില്‍ വെച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ഇറാനും റഷ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ചരിത്രത്തിലെ ഏറ്റവും അടുത്ത തലത്തിലാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

അമേരിക്കയുടെ ആക്രമണങ്ങള്‍ ഇറാന്റെ പ്രാദേശിക സുരക്ഷയെ തടസ്സപ്പെടുത്തിയാല്‍, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ആശയവിനിമയ കേബിളുകള്‍ തകര്‍ക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ മൊഹെബ്ബി മുന്നറിയിപ്പ് നല്‍കി.

Share