ഇറാൻ- യുഎസ് സംഘര്‍ഷം ആറുമാസം കൂടി നീളും, ട്രംപിന് മുന്നിലുള്ളത് മൂന്ന് വഴികൾ

വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘പോരാട്ടം’ ഇനിയും ആറുമാസത്തോളം നീണ്ടുപോകുമെന്ന് യുഎസിലെ മുന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ. ഈ യുദ്ധം പശ്ചിമേഷ്യയില്‍ അനന്തകാലം നിലനില്‍ക്കും. യുദ്ധം അവസാനിപ്പിക്കാന്‍ ഒരു വഴിയുമില്ലെന്നും ലിയോൺ പനേറ്റ പറഞ്ഞു.

ഇരുരാജ്യങ്ങളും അതിരൂക്ഷമായ പ്രതിസന്ധി നേരിടുന്നു എന്നത് രഹസ്യമല്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ പോലെ പരാജയപ്പെട്ട മറ്റൊരു യുദ്ധമായി ഇത് മാറുമെന്നും പനേറ്റ കൂട്ടിച്ചേർത്തു. ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് പനേറ്റയുടെ പ്രതികരണം.

ട്രംപിന് മുന്നില്‍ സാധ്യമായ മൂന്ന് വഴികളാണുള്ളതെന്ന് പനേറ്റ പറഞ്ഞു. അതിൽ ഒന്നാമത്തേത് യുദ്ധത്തിൽ നിന്ന് പിന്മാറി പരാജയപ്പെട്ട യുദ്ധമാണിതെന്ന് ട്രംപ് അംഗീകരിക്കുകയാണ് വേണ്ടത്. അത്തരമൊരു തീരുമാനം അദ്ദേഹം സ്വീകരിക്കാന്‍ സാധ്യയില്ല. രണ്ടാമത്തേത്ത്, പകരത്തിന് പകരമായി ആക്രമണം തുടരാം എന്നുള്ളതാണ്. ചർച്ചകൾക്ക് ഇരുരാജ്യങ്ങളും തയ്യറാകാത്ത സാഹചര്യത്തിൽ സംഘർഷം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇത് ഒഴിവാക്കാൻ ഇരു രാജ്യങ്ങളിൽ നിന്നും ശ്രമമുണ്ടാകണമെന്നും പനേറ്റ അഭിപ്രായപ്പെട്ടു. മൂന്നാമത്തെ സാധ്യത ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം പൂര്‍ണമായും യുഎസ് പിടിച്ചെടുക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. ജൂണില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും സൈനിക നീക്കങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഉണ്ടായി. പലതവണ നടന്ന സമാധാനശ്രമങ്ങള്‍ പാഴാകുകയും ചെയ്തു.

Share