റിപ്പബ്ലിക് ദിനാഘോഷം; ജിദ്ദ എസ് ഐ സി മനുഷ്യ ജാലിക സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയത്തിൽ വിവിധ പ്രാവിശ്യകളിൽ സംഘടിപ്പിച്ചു വരുന്ന മനുഷ്യ ജാലിക എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ വിപുലമായി സംഘടിപ്പിച്ചു.

എസ് ഐ സി ഭാരവാഹികൾക്കും പ്രവർത്തകർക്കും പുറമെ ജിദ്ദയിലെ സാമൂഹ്യ – രാഷ്ട്രീയ സംഘടന ഭാരവാഹികളും മനുഷ്യ ജാലികയിൽ കണ്ണികളായി. ബാഗ്ദാദിയ്യയിലെ എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മനുഷ്യ ജാലിക എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു.

പ്രമുഖ പ്രഭാഷകനും എസ് വൈ എസ് നേതാവും ജംഇയ്യത്തുൽ ഖുതബാ ജനറൽ സെക്രട്ടറിയുമായ നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി. വർഗീയ സംഘടനകൾ രാജ്യത്തെ പകുത്തെടുക്കാൻ തുടങ്ങിയപ്പോഴാണ് ‘സമസ്ത’യുടെ വിദ്യാർത്ഥി സംഘടനയായ എസ് കെ എസ് എസ് എഫ് റിപ്പബ്ലിക് ദിനത്തിൽ ‘മനുഷ്യ ജാലിക’ ആരംഭിച്ചതെന്നു അദ്ദേഹം പറഞ്ഞു. മനുഷ്യ ജാലികയിൽ ഉയർത്തിപ്പിടിക്കുന്ന പ്രമേയം കാലം ചെല്ലുന്തോറും പ്രസക്തി വർധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ മതേതരത്വത്തിനും ബഹുസ്വരതക്കും ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ദേശീയത ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്ന വിശാലമാണ്. സംഘ് പരിവാറിന്റെ സങ്കുചിത ദേശീയത രാജ്യം ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഭൂരിപക്ഷത്തെ മാത്രമല്ല, ന്യുനപക്ഷങ്ങളെക്കൂടി അംഗീകരിക്കലാണ് ജനാധിപത്യം എന്നും അദ്ദേഹം വിശദീകരിച്ചു.

അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് ഭരണം നടത്തിയിരുന്ന സമൂതിരിയുടെ ഉപദേഷ്ടാവായിരുന്ന ശൈഖ് മഖ്ദൂമാണ് ഇന്ത്യൻ മതേതരത്വത്തിന് അടിത്തറ പാകിയത്. വൈദേശിക ശക്തികൾക്കെതിരെ പോരാടാൻ സമൂതിരി നിയോഗിച്ച കുഞ്ഞാലി മരക്കാരുടെ സംരക്ഷണത്തിലാണ് എഴുത്തച്ഛന്റെ രാമായണം പിറന്നതെന്നും നാസർ ഫൈസി വിശദീകരിച്ചു. കോഴിക്കോട്ടെ മത വിശ്വാസങ്ങളെയും കലയെയും സാഹിത്യത്തെയും സംരക്ഷിച്ചത് കുഞ്ഞാലി മരക്കാർ ആയിരുന്നുവെന്ന് ചരിത്രം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത, രാഷ്ട്ര പിതാവായ ഗാന്ധിജിയെ വധിച്ച, നാനാത്വത്തവും ജനാധിപത്യവും അംഗീകരിക്കാത്ത ആർ എസ് എസ് ഇന്ത്യയുടെ ശത്രുവാണെന്നും നാസർ ഫൈസി പറഞ്ഞു. വർഗീയ ഫാസിസ്റ്റുകളിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ മതേതര ജനാധിപത്യ സംഘടനകൾക്ക് ശക്തി പകരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ലത്തീഫി, ബഷീർ ദാരിമി തളങ്കര, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ലത്തീഫ് മുസ്‌ലിയാരങ്ങാടി, നാസർ വെളിയങ്കോട്, മജീദ് പുകയൂർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് നടന്ന മനുഷ്യ ജാലികയിൽ ഉസ്മാൻ എടത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മോഡറേറ്റർ ആയിരുന്നു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതവും അൻവർ ഫൈസി നന്ദിയും പറഞ്ഞു.

മുസ്തഫ ഫൈസി ചേറൂർ, അഷ്‌റഫ്‌ ദാരിമി, എം. സി സുബൈർ ഹുദവി പട്ടാമ്പി, അൻവർ ഹുദവി, മുഹമ്മദ്‌ റഫീഖ് കൂളത്ത്, വിഖായ വളണ്ടിയർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!