‘തട്ടിപ്പ് തട്ടിപ്പ് തന്നെ; ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല’: അദാനിക്ക് മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്

അമേരിക്കന്‍ നിക്ഷേപ – ഗവേഷണ ഏജന്‍സിയായ ഹിന്‍ഡന്‍ബര്‍ഗും അദാനി ഗ്രൂപ്പും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് 413 പേജുള്ള വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് 30 പേജിലുള്ള മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ് തിങ്കളാഴ്ച രംഗത്തെത്തി. ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാന്‍ കഴിയില്ലെന്നാണ് ഹിന്‍ഡന്‍ബര്‍ മറുപടിയില്‍ ആരോപിക്കുന്നത്.

പ്രധാന ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ ഊതിവീര്‍പ്പിച്ച വിശദീകരണമാണ് അദാനി ഗ്രൂപ്പ് നല്‍കിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് മറുപടിയില്‍ പറയുന്നു. വിദേശത്തുള്ള കമ്പനികളുമായി നടത്തിയ സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക്‌ മറുപടി നല്‍കിയിട്ടേയില്ല. 88 ചോദ്യങ്ങളില്‍ 62 എണ്ണത്തിനും കൃത്യമായ മറുപടി നല്‍കാന്‍ അദാനി ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നും മറുപടിയില്‍ ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യക്കുനേരെ കണക്കുകൂട്ടിയുള്ള ആക്രമണമാണെന്ന് നേരത്തെ അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ദേശീയത പറഞ്ഞ് തട്ടിപ്പ് മറച്ചുവെക്കാനാകില്ലെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ പരാമര്‍ശം. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെല്ലാം നുണയാണെന്നും അദാനി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ‘ഇത് ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യക്കും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം എന്നിവയ്ക്കും ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കും അതിന്റെ വളര്‍ച്ചാ കഥയ്ക്കും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ്. ഹിന്‍ഡന്‍ബര്‍ഗിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി ഗൂഢലക്ഷ്യമുണ്ട്. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കളവല്ലാതെ മറ്റൊന്നുമല്ല. ഒരു ഗൂഢലക്ഷ്യത്തോടെയുള്ള അടിസ്ഥാനരഹിതവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും സംയോജനമാണ് അവരുടെ റിപ്പോര്‍ട്ട്. തെറ്റായ വിപണി സൃഷ്ടിച്ച് സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ട്. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓണ്‍ പബ്ലിക് ഓഫര്‍ തുടങ്ങുന്ന സമയം തന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് കൊണ്ടുവന്നതിലെ ദുരുദ്ദേശ്യം വ്യക്തമാണ് – അദാനിയുടെ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. ഇവയ്‌ക്കെല്ലാമാണ് ഹിന്‍ഡന്‍ബര്‍ഗിന് 30 പേജില്‍ മറുപടി നല്‍കിയിട്ടുള്ളത്.

 

അദാനി ഗ്രൂപ്പിന്റെ നിയമ നടപടികളെ നേരിടാൻ തയാറാണെന്നു വ്യക്‌തമാക്കിയ ഹിൻഡൻബർഗ് ഉയർത്തിയിട്ടുള്ള പ്രധാന ആരോപണങ്ങൾ ഇവയാണ്: 

1) അദാനി ഗ്രൂപ്പ് കമ്പനികളിൽ അക്കൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വ്യാപകം.

2) ഗ്രൂപ്പിൽപ്പെട്ട കമ്പനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടുന്നത് തന്ത്രങ്ങളിലൂടെ.

3) കോർപറേറ്റ് രംഗത്തു ദുർഭരണം.

4) ഗ്രൂപ്പിന്റെ അതിഭീമമായ കടബാധ്യത ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി.

 

ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബ വ്യവസായത്തെ കൃത്രിമ കണക്കുകളിലൂടെ രാജ്യത്തെതന്നെ വന്‍ കോര്‍പ്പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഓഹരിവിലയില്‍ ഷെല്‍ കമ്പനികള്‍ വഴി കൃത്രിമം നടക്കുന്നു. കണക്കുകള്‍ പലതും വസ്തുതാപരമല്ല തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ വിപണിമൂല്യത്തില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയിരുന്നു.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

=================================================================================

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!