നാല് ദിവസത്തെ ഉംറ പാക്കേജ് പ്രഖ്യാപിച്ച് ഉംറ ഗ്രൂപ്പുകളുടെ തട്ടിപ്പ്
നാല് ദിവസത്തെ ഉംറ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഉംറ ഗ്രൂപ്പുകൾ തട്ടിപ്പു നടത്തുന്നതായി റിപ്പോർട്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല ഭാഗങ്ങളിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചില ചെറുകിട ഉംറ ഗ്രൂപ്പുകളാണ് തട്ടിപ്പിന് പിന്നിൽ. കുറഞ്ഞ ചിലവിൽ ഉംറ ചെയ്യാനും മദീന സന്ദർശനത്തിനും അവസരം എന്ന് ആകർഷകമായ ഡിസൈനിൽ പോസ്റ്ററുകൾ നിർമ്മിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
സൗദിയ എർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്ന പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് സൗദിയ എയർലൈൻസ് വക്താവ് വ്യക്തമാക്കിയിരുന്നു. ഇങ്ങിനെ വരുന്നവർക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനും ഉംറ ചെയ്യാനും അനുവാദമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. കൂടാതെ സൗദിയ ടിക്കറ്റിംഗ് സംവിധാനത്തിൽ വിസ ആപ്ലിക്കേഷനുള്ള സംവിധാനം സജ്ജീകരിക്കുമെന്നും മൂന്ന് മിനുട്ടിനുള്ളിൽ വിസ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഈ വാർത്ത പ്രചരിപ്പിച്ചാണ് പുതിയ തട്ടിപ്പ് നടത്തുന്നത്.
സൗദിയ എർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്ന പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് മാത്രമാണ് സൗദിയ വക്താവ് പറഞ്ഞത്. അത് ഏതെല്ലാം രാജ്യങ്ങൾക്ക് ലഭ്യമാകുമെന്നോ, അതിന്റെ മറ്റു വിശദാംശങ്ങളോ ഇത് വരെ പുറത്ത് വന്നിട്ടില്ല. മാത്രവുമല്ല പ്രസ്തുത പദ്ധതി ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും ഇല്ല.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും ജിദ്ദയിലേക്ക് നേരിട്ട് യാത്ര ചെയ്യാമെന്നും, നാല് ദിവസം കൊണ്ട് ഉംറയും മദീന സിയാറത്തും പൂർത്തിയാക്കി ജിദ്ദയിൽ നിന്നും പുറപ്പെട്ട വിമാനത്താവളങ്ങളിൽ തിരിച്ചെത്തുമെന്നും പരസ്യത്തിലുൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഏതൊക്കെ വിമാനത്താവളത്തിൽ നിന്നാണ് സൌദിയക്ക് വിമാന സർവീസുകളുള്ളത് എന്ന കാര്യം പോലും മറച്ച് വെച്ചാണ് ഇത്തരം പരസ്യങ്ങൾ. നിലവിൽ 14 ദിവസത്തെ ഉംറ പാക്കേജിന് 60,000 മുതൽ 90,000 വരെ ഈടാക്കുമ്പോൾ കുറഞ്ഞ ചിലവിൽ 4 ദിവസത്തെ ഉംറ എന്നത് ഏറെ ആകർഷകമായി തോന്നുന്നതാണ് ഇത്തരം തട്ടിപ്പുകളിൽ വിശ്വാസികൾ പെട്ടുപോകാൻ കാരണം.
സൌദിയ ടിക്കറ്റിനൊപ്പമുള്ള നാല് ദിവസത്തെ സൌജന്യ ടൂറിസ്റ്റ് വിസ പദ്ധതി സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യക്തമാകുകയുള്ളൂ. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലുള്ളവർക്ക് ഈ സേവനം ലഭ്യമാകുമോ എന്നറിയാനും പ്രഖ്യാപനം വരണം. അതിന് മുമ്പ് ഇത്തരം പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
=================================================================================
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273