ഇന്ത്യയില്‍ മതപരമായ അസ്വാസ്ഥ്യങ്ങൾ കൂടുന്നു; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്യൂമെൻ്ററിയുടെ രണ്ടാം ഭാഗം, പിൻവലിക്കില്ലെന്ന് ബി.ബി.സി
നരേന്ദ്രമോദി സർക്കാരിനു കീഴിൽ ഇന്ത്യയിൽ മതപരമായ അസ്വാസ്ഥ്യങ്ങൾ വർധിക്കുകയാണെന്നും മാധ്യമപ്രവർത്തകരും സന്നദ്ധസംഘടനകളും വേട്ടയാടപ്പെടുകയാണെന്നും ബി.ബി.സി. ഡോക്യുമെന്ററി.
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ സംപ്രേഷണംചെയ്ത ‘ഇന്ത്യ-മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിയുടെ രണ്ടാമത്തെയും അവസാനത്തെയും ഭാഗത്തിലാണ് ഈ ആരോപണം. ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കുണ്ടെന്നാരോപിക്കുന്ന ആദ്യഭാഗം രാജ്യത്ത് രാഷ്ട്രീയസംഘർഷങ്ങൾക്ക് വഴിയൊരുക്കിയതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻസമയം രണ്ടോടെ ബി.ബി.സി.-2 ചാനൽ രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. ഇത് ഇന്ത്യയിൽ ലഭ്യമല്ല.
ഗോരക്ഷയുടെപേരിലുള്ള ആൾക്കൂട്ടക്കൊലപാതകങ്ങൾ, പൗരത്വനിയമപ്രക്ഷോഭത്തെ തുടർന്നുള്ള ഡൽഹി കലാപം, കശ്മീരിന്റെ പ്രത്യേക പദവി നീക്കൽ എന്നിവയൊക്കെ രാജ്യത്തെ മുസ്‍ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കങ്ങളായാണ് ഡോക്യുമെന്ററി നിരീക്ഷിക്കുന്നത്. ഈ വിഷയങ്ങളിൽ 2014 മുതലുള്ള മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെപ്പറ്റി ദൃക്‌സാക്ഷികൾ, അക്കാദമിക് വിദഗ്ധർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗോരക്ഷാപ്രവർത്തകർ 2015 മേയ്-2018 ഡിസംബർ കാലത്ത് 44 പേരെ കൊലപ്പെടുത്തിയെന്ന് ഡോക്യുമെന്റി ആരോപിക്കുന്നു. 2017-ൽ അലിമുദ്ദീൻ അൻസാരിയെ കൊലപ്പെടുത്തിയ പ്രതികളുടെ ബി.ജെ.പി. ബന്ധം, ഇവർക്ക് പാർട്ടി നൽകിയ സഹായം എന്നിവയും പരാമർശിക്കുന്നു. പ്രതികളെ ‘മോദിയുടെ മന്ത്രി’ മാലയിട്ട് സ്വീകരിച്ചുവെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. 2020-ലെ ഡൽഹി കലാപം ബി.ജെ.പി. പിന്തുണയുള്ള തീവ്രവിഭാഗങ്ങൾ മുസ്‍ലിങ്ങൾക്കെതിരേ ഇളക്കിവിട്ടതാണെന്നും പോലീസ് പക്ഷപാതപരമായി പെരുമാറിയെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു. ആംനസ്റ്റി ഉൾപ്പെടെ ആയിരത്തോളം സന്നദ്ധസംഘടനകളെ നിഷ്‌ക്രിയമാക്കിയെന്നതാണ് മറ്റൊരു ആക്ഷേപം.
മുൻ എം.പി. സ്വപൻദാസ് ഗുപ്തയാണ് ഡോക്യുമെന്ററിയിൽ ബി.ജെ.പി.യുടെ ഭാഗം വിശദീകരിക്കുന്നത്. നരേന്ദ്രമോദിയുടെ ഹിന്ദുത്വ ആശയങ്ങൾക്ക് മഹാഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു.
പിൻവലിക്കില്ലെന്ന് ബി.ബി.സി.
ന്യൂഡൽഹി: ബി.ബി.സി. ഡോക്യുമെന്ററിയിലെ അഭിപ്രായങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് മുൻബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ അറിയിച്ചു. ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന് ബി.ബി.സി.യും വ്യക്തമാക്കി. രണ്ടാംഭാഗത്തിന്റെ ലിങ്കുകൾ തൃണമൂൽ കോൺഗ്രസ് എം.പി. മഹുവാ മൊയ്‌ത്ര ട്വിറ്ററിൽ പങ്കുവെച്ചു. സാമൂഹികമാധ്യമങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിന്റെ ലിങ്കുകൾ പങ്കുവെക്കുന്നത് ഐ.ടി. മന്ത്രാലയം വിലക്കിയിരുന്നു. വിലക്ക് ലംഘിച്ച് എം.പി. മഹുവാ മൊയ്‌ത്ര, ഡെറിക് ഒബ്രിയാൻ തുടങ്ങിയവർ പങ്കുവെച്ചെങ്കിലും കേന്ദ്രം ഇത് ട്വിറ്ററിൽനിന്ന് നീക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***********************************************************************************
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273