ഗള്‍ഫില്‍ നിന്ന് പ്രവാസികൾ കിലോകണക്കിന് ഉള്ളിയുമായി നാട്ടിലേക്ക് വരുന്നു..; കസ്റ്റംസ് നിബന്ധനകൾ കർശനമാക്കാൻ നീക്കം

ചിക്കനേക്കാളും ബീഫിനേക്കാളും ഉള്ളിക്ക് വില കൂടിയ നാട്ടിലേക്ക് കിലോ കണക്കിന് ഉള്ളിയും വാങ്ങി യാത്ര ചെയ്യുകയാണ് യുഎഇയിലെ ചില പ്രവാസികള്‍. പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും കാരണം കഷ്ടപ്പെടുന്ന ഫിലിപ്പൈന്‍സിൾലെ പ്രവാസികളാണ് യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ ഉള്ളിയും പച്ചക്കറികളുമൊക്കെ പെട്ടിയിലാക്കി കൊണ്ട് പോകുന്നത്.

മുമ്പ് നാട്ടിലേക്ക് ചോക്കലേറ്റുമായി യാത്ര ചെയ്‍തിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പച്ചക്കറികള്‍ കൊണ്ടുപോകുന്നതെന്ന് പല ഫിലിപ്പൈനി പ്രവാസികളും അഭിപ്രായപ്പെട്ടു. ചുവന്ന ഉള്ളിയാണത്രെ ഇപ്പോള്‍ നാട്ടിലെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുന്ന പ്രധാന സമ്മാനം.

ലഗേജില്‍ പത്ത് കിലോ ഉള്ളിയാണ് കൊണ്ടുപോയതെന്നാണ് അടുത്തിടെ ദുബൈയില്‍ നിന്ന് മനിലയിലേക്ക് പറന്ന ഒരു പ്രവാസി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉള്ളിയും വെളുത്തുള്ളിയുമൊക്കെ കൊണ്ടുപോകേണ്ടി വന്നതിനാല്‍ മറ്റ് സാധനങ്ങളൊന്നും കൊണ്ടുപോകാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. മറ്റ് സമ്മാനങ്ങളെക്കാളും ഉള്ളി കിട്ടിയത് തന്നെയായിരുന്നു ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ ഇഷ്ടപ്പെട്ടതത്രെ.

ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രണ്ട് ദിര്‍ഹത്തിന് ഉള്ളി വാങ്ങാം. എന്നാല്‍ ഫിലിപ്പൈന്‍സില്‍ 600 പെസോ (40 ദിര്‍ഹം) ആണ് കിലോഗ്രാമിന്റെ വില. ഒരു കിലോഗ്രാം ബീഫിന് 380 മുതല്‍ 480 പെസോ വരെയും (25 മുതല്‍ 32 വരെ ദിര്‍ഹം) ഒരു കിലോ ചിക്കന് 180 മുതല്‍ 220 പെസോ വരെയും (12 മുതല്‍ 15 വരെ ദിര്‍ഹം) ആണ് ഫിലിപ്പൈന്‍സിലെ ചില്ലറ വിപണിയിലെ വില. ചെക്ക് ഇന്‍ ബാഗേജില്‍ നാല് കിലോഗ്രാം ഉള്ളിയുമായാണ് യാത്ര ചെയ്‍തതെന്ന് ദുബൈയില്‍ അഡ്‍മിന്‍ ഓഫീസറായി ജോലി ചെയ്യുന്ന മറ്റൊരു പ്രവാസിയും പറഞ്ഞു. വിമാനത്താവളത്തില്‍ വെച്ച് നാട്ടുകാരായ മറ്റ് ചിലരുമായി സംസാരിച്ചപ്പോള്‍ അവരുമൊക്കെ ഉള്ളി വാങ്ങി നാട്ടില്‍ കൊണ്ട് പോകുന്നവരാണ്. ഉള്ളിക്ക് പുറമെ വെളുത്തുള്ളിയും ഉരുളക്കിഴങ്ങും ക്യാരറ്റുമൊക്കെ കൊണ്ടുപോയവരും അനുഭവം പങ്കുവെച്ചു.

പച്ചക്കറികള്‍ കൊണ്ടുപോയവര്‍ക്കൊന്നും കാര്യമായ ബുദ്ധിമുട്ടുകള്‍ വിമാനത്താവളങ്ങളില്‍ നിന്നോ കസ്റ്റംസില്‍ നിന്നോ ഉണ്ടായില്ലെന്ന് പറയുമ്പോള്‍ തന്നെ ആളുകള്‍ വന്‍തോതില്‍ ഇവ കൊണ്ടുവരാന്‍ തുടങ്ങിയതോടെ ഫിലിപ്പൈന്‍സ് അധികൃതര്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ യാത്ര ചെയ്‍ത ചിലരില്‍ നിന്ന് പച്ചക്കറികള്‍ പിടിച്ചെടുത്തത്രെ. സംസ്‍കരിക്കാത്ത ഭക്ഷ്യ വസ്‍തുക്കള്‍ കൊണ്ടു പോകുന്നതിന് നിയമപ്രകാരം ഫിലിപ്പൈന്‍സ് കാര്‍ഷിക വകുപ്പിന്റെ മുന്‍കൂര്‍ ക്ലിയറന്‍സ് വേണമെന്ന് കാണിച്ച് അവിടുത്തെ കസ്റ്റംസ് അധികൃതര്‍ പ്രത്യേക അറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

***********************************************************************************

 

സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!