കുവൈത്തില്‍ കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ മറ്റ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച XBB. 1.5 എന്ന വകഭേദമാണ് കുവൈത്തില്‍ നടത്തിയ ജനിതകശ്രേണി പരിശോധനയിലും കണ്ടെത്തിയിരിക്കുന്നതെന്ന് ബുധനാഴ്‍ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തില്‍ ഉള്‍പ്പെടുന്ന ഉപവകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയ  ഈ വൈറസിന്റെ ജനിതക ഘടനയും.

രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണ സ്ഥിതി ഇപ്പോള്‍ സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലെന്ന് ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നിരുന്നാലും പുതിയ വകഭേദം കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ലോകത്ത് മുപ്പതിലധികം രാജ്യങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട വകഭേദമാണ് ഇപ്പോള്‍ കുവൈത്തിലും സ്ഥിരീകരിച്ചത്.

കൊവി‍ഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തുമെന്നത് നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രത്യേക അഡ്വൈസറി ടീം, രാജ്യത്തെ പകര്‍ച്ചവ്യാധി സാഹചര്യങ്ങള്‍ സൂക്ഷ്‍മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴി പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.

ഒരിടവേളയ്ക്ക് ശേഷം ലോകത്ത് പലയിടങ്ങളിലും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴിതാ മാസ്ക് ഉപയോ​ഗം സംബന്ധിച്ച് വീണ്ടും നിർദേശം പുറത്തിറക്കിയിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന.

ദീർഘദൂര വിമാനയാത്രകൾ ചെയ്യുന്നവരോട് മാസ്കുകൾ ധരിക്കാൻ അതാത് രാജ്യങ്ങൾ നിർദേശിക്കണമെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. അമേരിക്കയിൽ ഉൾപ്പെടെ പുതിയ ഒമിക്രോൺ വകഭേദങ്ങളുടെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. കൊവി‍ഡ് വ്യാപനം രൂക്ഷമായ ഇടങ്ങളിൽ ഉള്ളവരെല്ലാം ഈ നിർദേശം പാലിക്കുന്നതാണ് അഭികാമ്യമെന്ന് യൂറോപ്പിലെ ലോകാരോ​ഗ്യസംഘടനയുടെ സീനിയർ എമർജൻസി ഓഫീസറായ കാതറിൻ സ്മാൾവുഡ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം

❗ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!