രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി.യില്‍; ജീവിത ചെലവിന് 75,000 രൂപക്ക് വിവാഹമോതിരം വിറ്റു, ക്വാറിയിലെ കുടില്‍ വളഞ്ഞ് പൊലീസ്, നായ്ക്കളെ അഴിച്ചുവിട്ട് റാണ
50 കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണ (37) യെ പൊളളാച്ചിയിൽ വെച്ചാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. സന്യാസി വേഷത്തിൽ ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പം കരിങ്കൽ ക്വാറിയോട് ചേർന്ന ഒറ്റമുറിയിൽ ഒളിച്ച് കഴിയുന്നതിനിടെയായിരുന്നു പൊലീസിൻ്റെ നാടകീയമായ അറസ്റ്റ്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രവീണ്‍ റാണ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് പണത്തിനായി പല ശ്രമങ്ങളും പ്രവീണ്‍ നടത്തിയിരുന്നെന്നും മോതിരം വിറ്റ് 75,000 രൂപ സ്വരൂപിച്ചെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്റെ അക്കൗണ്ടിലെ 16 കോടി രൂപ റാണ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ധൂര്‍ത്ത് അതിദരിദ്രനാക്കി മാറ്റിയെന്നും പ്രവീണ്‍ മൊഴി നല്‍കി.
പൊള്ളാച്ചിയിലെ അഞ്ചു ദിവസത്തെ ഒളിവു ജീവിതത്തിന് മാത്രം 75,000 രൂപ ചെലവുവന്നു. എറണാകുളത്തുനിന്ന് അങ്കമാലിയിലെത്തിയ ശേഷം പല സുഹൃത്തുക്കളോടും റാണ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെല്ലാവരും കൈമലര്‍ത്തി.
വിവാഹത്തിനായി കോടികളാണ് പ്രവീണ്‍ ചെലവഴിച്ചത്. വിവാഹ വീഡിയോ ആല്‍ബത്തിനായി മാത്രം 15 ലക്ഷത്തിലധികം രൂപയാണ് മുടക്കിയത്. ആഡംബര വാഹനങ്ങളും വസ്ത്രങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. വന്‍ ഹോട്ടലുകള്‍ വാങ്ങുകയോ ലീസിനെടുക്കുകയോ ചെയ്യുന്നതും പ്രവീണിന്റെ ഹോബിയായിരുന്നു.
രക്ഷപ്പെട്ടത് കെ.എസ്.ആര്‍.ടി.സി.യില്‍
എറണാകുളത്തുനിന്ന് അങ്കമാലിയിലേക്കാണ് റാണ ആദ്യം പോയത്. കെ.എസ്.ആര്‍.ടി.സി.യിലായിരുന്നു യാത്ര. ഇവിടെനിന്ന് മറ്റൊരു വാഹനത്തില്‍ കോയമ്പത്തൂരിലേക്കും അവിടെനിന്ന് പൊള്ളാച്ചിയിലേക്കും പുറപ്പെട്ടു. പെരുമ്പാവൂര്‍ സ്വദേശി റോയിയുടെ ക്വാറിയിലെത്തുന്നത് കഴിഞ്ഞ ഏഴിന്. അതിസമ്പന്നതയില്‍ കഴിഞ്ഞ റാണ അവിടെ ചെലവഴിച്ചത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഒറ്റ മുറിയിലെ കട്ടിലിലാണ്. ചുറ്റും ഇതര സംസ്ഥാന തൊഴിലാളികളായതിനാല്‍ അവിടെ സുരക്ഷിതമാണെന്ന് റാണ ഉറപ്പിച്ചിരുന്നു. ആകെയുണ്ടായിരുന്ന ഒരു മലയാളി റാണയുടെ സഹായിയായിരുന്നു.
പൊള്ളാച്ചി-കോയമ്പത്തൂര്‍ റൂട്ടില്‍ കിണത്തുക്കടവിന് സമീപമുള്ള കുഗ്രാമമായ ദേവരായപുരത്തുനിന്നാണ് പ്രവീണ്‍ റാണ പിടിയിലായത്. നിറയെ പാറമടകളുള്ള സ്ഥലം. കേരള അതിര്‍ത്തിയായ വേലന്താവളത്തുനിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഇവിടത്തെ ഒരു പാറമടയോടു ചേര്‍ന്നാണ് കഴിഞ്ഞ അഞ്ചുദിവസം ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.
ആളെ തിരിച്ചറിയാതിരിക്കാന്‍ സന്ന്യാസിയുടെ വേഷത്തില്‍ ഒരു തൊഴിലാളിയുടെ കൂടെയായിരുന്നു താമസം. സേഫ് ആന്‍ഡ് സ്ട്രോങ് കമ്പനിയുടെ പേരില്‍ തൃശ്ശൂരില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയെക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ കേരളമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുമ്പോള്‍ ദേവരായപുരത്ത് ഇയാള്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വരാത്തതിനാല്‍ റാണയെക്കുറിച്ച് ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അതിഥിത്തൊഴിലാളിയുടെ ഫോണില്‍നിന്ന് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് തൃശ്ശൂരിലെ പോലീസ്സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷണം അറസ്റ്റിലെത്തി.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.ലാൽ കുമാറും സംഘവും കുടിൽ വളഞ്ഞ് റാണയെ പിടികൂടുകയായിരുന്നു. പൊലീസിനെ പ്രതിരോധിക്കാൻ നായ്ക്കളെ അഴിച്ചുവിട്ടു പരിഭ്രാന്തി സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു.
റാണ ജനുവരി 6നു കേരളം വിട്ടെന്നു സൂചന ലഭിച്ചിരുന്നെങ്കിലും ഇതു സ്ഥിരീകരിക്കാൻ പാകത്തിന് ഉറച്ച തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഭാര്യയുടെ ഫോണിലേക്ക് തമിഴ്നാട്ടിൽ നിന്നൊരു വിളി എത്തിയത്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ദേവരായപുരത്തു നിന്നാണെന്നു കണ്ടെത്തി. തുടർന്ന് കമ്മിഷണറുടെ നേതൃത്വത്തിൽ 2 സംഘങ്ങളായി തിരിഞ്ഞ് പ്രതിയെ കയ്യോടെ പിടിക്കുകയും ചെയ്തു.
ബുധനാഴ്ച വൈകീട്ട് റാണയെ കേരള പോലീസ് അറസ്റ്റുചെയ്തത് തമിഴ്‌നാട് പോലീസ് അറിഞ്ഞില്ല. അതീവരഹസ്യമായാണ് കേരള പോലീസ് നീങ്ങിയത്. അറസ്റ്റുവാര്‍ത്ത പുറത്തുവന്നപ്പോഴാണ് പ്രദേശത്തുള്ളവര്‍പോലും ഇയാള്‍ ഒളിച്ചുതാമസിച്ച വിവരമറിയുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി വിസിറ്റ് വിസകൾ ഇപ്പോൾ മുമ്പത്തേതിനേക്കാൾ എളുപ്പത്തിൽ പുതുക്കാം
ബന്ധപ്പെടുക:
0556884273
http://wa.me/+966556884273