ബോംബ് ഭീഷണി: ഇന്ത്യയിലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിംഗ്, വിമാനം വളഞ്ഞ് സുരക്ഷയൊരുക്കി സൈന്യം – വീഡിയോ
മോസ്കോയിൽനിന്നു ഗോവയിലേക്കുള്ള റഷ്യൻ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ സുരക്ഷയൊരുക്കിയത് ഇന്ത്യൻ വ്യോമസേന. തിങ്കളാഴ്ച രാത്രിയിലായിരുന്നു ബോംബ് ഭീഷണി. 236 യാത്രക്കാരും 8 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്.
ബോംബ് ഭീഷണിയുണ്ടെന്ന വിവരം കിട്ടിയതിനു പിന്നാലെ തയാറെടുപ്പുകൾക്ക് 50 മിനിറ്റ് സമയം മാത്രമാണു വ്യോമസേനയ്ക്കു ലഭിച്ചതെന്നു വാർത്താഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ‘‘റഷ്യയിലെ അസൂർ എയർ വിമാനത്തിനായിരുന്നു ബോംബ് ഭീഷണി. സുരക്ഷ കണക്കിലെടുത്ത്, സൈനിക വ്യോമതാവളത്തിലെ ഒറ്റപ്പെട്ട സ്ഥലത്തേക്കു വിമാനം മാറ്റുകയായിരുന്നു ആദ്യനടപടി. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ ഗ്രൗണ്ട് സ്റ്റാഫിനും ഗരുഡ് സ്പെഷൽ ഫോഴ്സിനും വ്യോമസേന നിർദേശം നൽകി’’– പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.
#NSG bomb disposal teams flown in by IAF aircraft scanned the aircraft & personal baggage before clearing the flight for departure to its final destination – Dabolim Airport, Goa. (3/3) pic.twitter.com/FljiQOmgPs
— Indian Air Force (@IAF_MCC) January 10, 2023
ബോംബ് ഭീഷണിയെപ്പറ്റി ഇന്ത്യൻ അധികൃതരെ അറിയിച്ചിരുന്നെന്നു റഷ്യൻ എംബസി പിന്നീട് പ്രസ്താവനയിൽ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയെന്നതായിരുന്നു പ്രഥമദൗത്യം. ഇക്കാര്യം ഉറപ്പിച്ച ശേഷമാണു യാത്രക്കാരെ പുറത്തിറക്കിയത്. ദൗത്യം നയിച്ച എയർ കമ്മോഡർ ആനന്ദ് സോന്ദി, യാത്രക്കാരെ ആശ്വസിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു. തൊട്ടുപിന്നാലെ, വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എൻഎസ്ജി ബോംബ് സ്ക്വാഡ് പറന്നെത്തി. വിമാനവും യാത്രക്കാരുടെ ബാഗേജും പരിശോധിച്ചു.
All's well that ends well!
Azur Air 4501 resumed it's journey from @IAF_MCC AF Stn Jamnagar where it had been diverted to last night after security protocols were activated due to a bomb threat. (1/3) pic.twitter.com/RRRXT9mPvK
— Indian Air Force (@IAF_MCC) January 10, 2023
സുരക്ഷാ ഏജൻസികളുടെ പരിശോധനകൾ 9 മണിക്കൂറോളം നീണ്ടു. ഭീഷണി വ്യാജമാണെന്നു തെളിഞ്ഞതിനെ തുടർന്ന് യാത്ര പുനഃരാരംഭിച്ച വിമാനം ചൊവ്വാഴ്ച ഉച്ചയോടെ ഗോവയിലെത്തി. വിമാനം യാത്ര തുടർന്നപ്പോഴും ജാഗ്രതക്കണ്ണുകളോടെ വ്യോമസേന നിരീക്ഷണം തുടർന്നു. സാധാരണ ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലുള്ള വിമാനത്താവളങ്ങളാണു നടപടി സ്വീകരിക്കുക. ഇത്തവണ വിമാനത്തെ മുംബൈ, ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കു മാറ്റാൻ സമയമില്ലെന്നു മനസ്സിലായതോടെയാണ് ജാംനഗറിൽ ഇറക്കാൻ വ്യോമസേന തയാറായത്. അടിയന്തരമായി ലാൻഡ് ചെയ്ത വിമാനത്തിലെ എല്ലാവരും സുരക്ഷിതരാണെന്നു റഷ്യൻ എംബസിയും പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക