‘പെട്രോള്‍ പമ്പുടമയില്‍നിന്ന് കൈക്കൂലി’; BJP യോഗത്തില്‍ കൂട്ടത്തല്ല്, നുഴഞ്ഞുകയറിയെന്ന് നേതൃത്വം
ബി.ജെ.പി. പേരാമ്പ്ര മണ്ഡലം യോഗത്തില്‍ നേത്യത്വത്തിനുനേരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. പേരാമ്പ്ര-കുറ്റ്യാടി റൂട്ടില്‍ സംസ്ഥാനപാതയോരത്ത് പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് മണ്ഡലം ഭാരവാഹികള്‍ പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട പ്രശ്ശമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യോഗത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറി എം. മോഹനന്‍ ഇടപെട്ട് പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് രംഗം ശാന്തമായത്.
‘സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് യോഗം നടക്കുന്നതെന്ന് കരുതി, യോഗത്തിലേക്ക് ചില ആളുകള്‍ വന്നു. അവരെ അനുയയിപ്പിച്ച് തിരിച്ചയക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതിനെയാണ് കൈയാങ്കളി എന്ന് വാര്‍ത്തയാക്കുന്നത്. യോഗത്തിലേക്ക് അവര്‍ എങ്ങനെ എത്തിയെന്നും ആരാണ് അവരെ അയച്ചതെന്നും അന്വേഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്’ ബിജെപി ജില്ലാ സെക്രട്ടറി വി.കെ.സജീവന്‍ പറഞ്ഞു.
കൈക്കൂലി ആരോപണം ഉന്നയിച്ച ആള്‍ പാര്‍ട്ടിയുടെ അംഗത്വമുള്ള ആളാണ്. ഇതു സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കും. പാര്‍ട്ടി ഫണ്ടിലേക്ക് പണം പിരിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും സജീവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക