പകുതി വിലക്ക് കെഎഫ്സി കിട്ടുമെന്ന് ടിക് ടോക്ക് പരസ്യം; പോയത് ഇരുപത് ഇരട്ടി, പണം നഷ്ടമായി മലയാളികളും
പകുതി വിലയ്ക്ക് കെഎഫ്സി കിട്ടുമെന്ന് ടിക് ടോക്കിൽ പരസ്യം കണ്ട നമ്പറിലേക്കു വിളിച്ച് ഓർഡർ ചെയ്ത മലയാളിക്കു നഷ്ടപ്പെട്ടത് ഇരുപത് ഇരട്ടി തുക. തക്ക സമയത്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തതിനാൽ നഷ്ടം ഇതിൽ ഒതുങ്ങി. മറ്റൊരു മലയാളി വനിതയ്ക്കു നഷ്ടപ്പെട്ടത് 5000 ദിർഹം. തട്ടിപ്പാണെന്നു തിരിച്ചറിയാത്ത ഒട്ടേറെ പേരുടെ അക്കൗണ്ട് നിമിഷനേരംകൊണ്ട് കാലിയായി.
ബാങ്ക് സ്റ്റേറ്റ്മെന്റ് വരുമ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം മറ്റു ചിലർ അറിയുന്നത്. സംശയം തോന്നാത്തവിധം കെഎഫ്സിയുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് നടത്തിവരുന്ന പുതിയ തട്ടിപ്പിൽ നൂറുകണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടു. ബുക്കിങ് രീതികളെല്ലാം സമാനമായതിനാൽ ഓൺലൈനിൽ പണം അടച്ചുകഴിയുംവരെ സംശയം ഉണ്ടാകാനിടയില്ല. കമ്പനി പേരും വിഭവങ്ങളുടെ ചിത്രത്തിനു നേരെ യഥാർഥ വിലയും 50% ഇളവ് കഴിച്ചു നൽകേണ്ട വിലയും അടക്കം അസ്സലിനെ വെല്ലുംവിധമാണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്.
50% ഇളവെന്ന പരസ്യം കണ്ടതോടെ കൊല്ലം നിലമേൽ സ്വദേശി ഫിറോസ് ഖാൻ വെബ്സൈറ്റിൽ കയറി 30 ദിർഹത്തിന് കെഎഫ്സി ബുക്ക് ചെയ്തു. ക്രെഡിറ്റ് കാർഡ് വഴി പണം അടച്ചു. ഫോണിൽനിന്ന് ഓട്ടമാറ്റിക് ആയി ഒടിപി ഡിറ്റക്ട് ചെയ്ത സംഘം പണം പിൻവലിച്ച ആദ്യ സന്ദേശം കിട്ടി. നിമിഷങ്ങൾക്കകം 2 മെസേജുകൾ കൂടി വന്നതു പരിശോധിച്ചപ്പോൾ ഫിറോസ് ഞെട്ടി. 30 ദിർഹത്തിനു പകരം 3 തവണകളായി (230.54, 229.99, 119.40) മൊത്തം 579.93 ദിർഹം ഈടാക്കിയിരിക്കുന്നു.! തട്ടിപ്പ് തിരിച്ചറിഞ്ഞ ഫിറോസ് ഖാൻ ഉടൻ ബാങ്കിന്റെ ആപ്പ് വഴി ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്തതിനാൽ നഷ്ടം ഇതിൽ ഒതുങ്ങി.
ആപ്പിൾ പേയിൽ സ്ഥിരമായി ഉപയോഗിക്കാനുള്ള ഒടിപിയായിരുന്നു തട്ടിപ്പുകാർ ഉണ്ടാക്കിയത്. അസ്സൽ സൈറ്റുകളും വ്യാജനും തിരിച്ചറിയാനാകാത്തതാണ് വിനയാകുന്നത്. അക്കൗണ്ട് കാലിയായവർ മാനക്കേടോർത്ത് പുറത്തു പറയാൻ മടിക്കുന്നു. കുറിയറിൽ അയച്ച സാധനം വീട്ടിലെത്തിക്കുന്നതിന് ഡെലിവറി ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടെത്തിയ സന്ദേശങ്ങളോട് പ്രതികരിച്ചവർക്കും പണം നഷ്ടപ്പെട്ടു. വ്യാജ ഫോൺ, എസ്.എം.എസ്, ഇമെയിൽ സന്ദേശങ്ങൾ എന്നിവയോട് പ്രതികരിക്കരുതെന്നും സുരക്ഷിത വെബ്സൈറ്റിലൂടെ മാത്രമേ ഓൺലൈൻ ഇടപാട് നടത്താവൂ എന്നും യുഎഇ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയവും വിവിധ എമിറേറ്റിലെ പൊലീസും നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും തട്ടിപ്പിന് ഇരയാകുന്നവർ അനുദിനം പെരുകുകയാണ്. പുതിയ രൂപത്തിലെത്തുന്ന തട്ടിപ്പു തിരിച്ചറിയാൻ സദാ ജാഗരൂകരാകണമെന്നും അതോറിറ്റി ഓർമിപ്പിച്ചു.
ശ്രദ്ധിക്കാം
∙ സംശയാസ്പദമായ ലിങ്കിലോ വെബ്സൈറ്റിലോ പ്രവേശിക്കരുത്.
∙ വിശ്വാസ യോഗ്യമല്ലാത്ത മൂന്നാം കക്ഷി സേവന ദാതാക്കളിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.
∙ തട്ടിപ്പ് സംഘവുമായി ആശയവിനിമയം നടത്തരുത്.
∙ പ്രസ്തുത നമ്പർ ബ്ലോക്ക് ചെയ്ത് അധികൃതരെ വിവരമറിയിക്കുക.
∙ ബാങ്ക് സ്റ്റേറ്റ്മെന്റും ക്രെഡിറ്റ്/ഡബിറ്റ് കാർഡ് സന്ദേശങ്ങളും പരിശോധിച്ച് പൊരുത്തക്കേട് ഉണ്ടെങ്കിൽ ഉടനടി ബാങ്കിനെ അറിയിക്കണം
∙ അംഗീകൃത സൈറ്റിൽനിന്നു മാത്രം പർച്ചേസ് ചെയ്യുക.
∙ ഓൺലൈൻ ഇടപാടിനു കുറഞ്ഞ പരിധിയുള്ള (1000–2000 ദിർഹം) പ്രത്യേക കാർഡ് മാത്രം ഉപയോഗിക്കുക.
∙യാത്ര ചെയ്യുമ്പോൾ ഫോൺ ഓഫാക്കരുത്.
∙സോഫ്‌റ്റ്‌വെയർ/സുരക്ഷാ അപ്‌ഡേറ്റുകൾ ഉപയോഗിച്ച് യഥാസമയം കംപ്യൂട്ടറും മൊബൈൽ ഫോണുകളും അപ്ഡേറ്റ് ചെയ്യണം
∙ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടപ്പെട്ടാലും നമ്പറും മേൽവിലാസവും മാറിയാലും വിവരം യഥാസമയം ബാങ്കിനെ അറിയിക്കണം.
∙ഫോണിൽ വിളിച്ചോ ഇമെയിൽ അയച്ചോ ഏറ്റവും അടുത്തുള്ള ശാഖകൾ സന്ദർശിച്ചോ പരാതിപ്പെടാം.
പരാതിപ്പെടാം
∙അബുദാബി: aman@adpolice.gov.ae, ഫോൺ: 80012, 11611, വെബ് സൈറ്റ്: www.ecrime.ae
∙ദുബായ്: ഫോൺ: 999, ടോൾഫ്രീ-8002626,എസ്എംഎസ് 2828.
∙ഷാർജ: ഫോൺ 065943228, വെബ്സൈറ്റ്: tech_crimes@shjpolice.gov.ae
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക