അതിശൈത്യം പിടിമുറുക്കുന്നു; പൈപ്പിൽ നിന്ന് വെള്ളത്തിന് പകരം വരുന്നത് ഐസ് – വിഡിയോ

ശൈത്യകാലം അതിശക്തമായി തുടരുകയാണ് കശ്മീരിലും. മെർക്കുറി നില ഫ്രീസിങ് പോയിന്റിനു താഴെയെത്തിയതോടെ കൊടും തണുപ്പിൽ വിറക്കുകയാണ് കാശ്മീർ. ശ്രീനഗറിലെ ദാൽ തടാകത്തിലെ ജലം പല ഭാഗങ്ങളിലും തണുത്തുറഞ്ഞുകിടക്കുന്ന നിലയിലുള്ള ചിത്രങ്ങളാണ് ഇവിടെനിന്ന് പുറത്തുവരുന്നത്. ശിക്കാര ബോട്ടുകൾ തടാകത്തിൽ ഇറക്കുന്നതിനായി കനത്ത ഐസ് പാളികൾ തകർക്കേണ്ട നിലയിലാണ് ബോട്ട് ഉടമകൾ.

 

എന്നാൽ കശ്മീരിൽ നിന്നും പുറത്തുവരുന്ന മറ്റൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സംസ്ഥാനത്തെ പൈപ്പ് ലൈനുകളുടെ ചിത്രങ്ങളാണിത്. താരതമ്യേന ചെറിയ പൈപ്പ് ലൈനുകളിൽ നിന്നും വെള്ളത്തിന് പകരം പുറത്തേക്ക് വരുന്നത് ഐസ് കട്ടകളാണ്. വെള്ളം സുഗമമായി പുറത്തേക്ക് ഒഴുക്കുന്നതിനായി നീക്കംചെയ്ത ഐസ് കൂമ്പാരമായി കൂട്ടിയിട്ടിരിക്കുന്നതും വിഡിയോയിൽ കാണാം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നൂറുകണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

 

 

ഈ സ്ഥിതി ജലവിതരണത്തെ ബാധിച്ചതോടെ ഇരുമ്പ് പൈപ്പ് ലൈനുകൾക്ക് താഴെയായി തീ കത്തിച്ച് ഐസ് ഉരുക്കി വെള്ളമൊഴുക്ക് സാധാരണഗതിയിലാക്കാനും പലയിടങ്ങളിലും ജനങ്ങൾ ശ്രമിക്കുന്നുണ്ട്. ഇനി വരുന്ന ഏതാനും ആഴ്ചകൾ കൂടി കശ്മീരിലെ അവസ്ഥ ഇതാകും എന്നാണ് റിപ്പോർട്ടുകൾ. ഈ കാലയളവിൽ താപനില സീറോ ഡിഗ്രിയിൽ താഴെ തന്നെ നിൽക്കുന്നതിനാൽ സംസ്ഥാനത്തെ ജനങ്ങൾ അതിശൈത്യത്തിന്റെ ഭീതിയിൽ തന്നെ തുടരേണ്ടി വരും. അതേസമയം മഞ്ഞുവീണു കിടക്കുന്ന താഴ്‌വാരങ്ങളും തടാക തീരങ്ങളും മനോഹരമായ കാഴ്ച സമ്മാനിക്കുന്നുമുണ്ട്.

 

 

ശൈത്യകാലത്തിന്റെ കാഠിന്യം കണ്ട് അമ്പരന്നു കൊണ്ടാണ് ഭൂരിഭാഗം പേരും കശ്മീരിൽ നിന്നും പുറത്തു വരുന്ന ചിത്രങ്ങൾക്ക് പ്രതികരണങ്ങൾ അറിയിക്കുന്നത്. മറ്റുചിലരാകട്ടെ രസകരമായ രീതിയിലുള്ള കമന്റുകളും കുറിക്കുന്നുണ്ട്. പൈപ്പ് ലൈനുകളിൽ കൂടി ഐസ് വരുന്ന സാഹചര്യങ്ങളിൽ അവ പെരുവഴിയിലേക്ക് കൂട്ടിയിട്ട്  കളയുന്നതിന് പകരം അടുത്തുള്ള ബാറുകളും പബുകളുമായി പൈപ്പ് ബന്ധിപ്പിച്ചാൽ ഐസ്ക്യൂബുകൾ പാഴാക്കാതെ ഉപയോഗിക്കാം എന്നാണ് ഒരു കമന്റ്. മഞ്ഞുമൂടിയ സ്ഥലങ്ങൾ കാണുന്നതിന്റെ കൗതുകമാണ് മറ്റു ചിലർക്ക്. എന്നാൽ ഈ കഠിനകാലം എത്രയും പെട്ടെന്ന് കടന്ന് അന്തരീക്ഷതാപനില ഉയരുന്നതും കാത്തിരിക്കുകയാണ് കശ്മീരിലെ ജനങ്ങൾ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!