‘‘ചികിത്സാ പിഴവിൽ ജീവിതം കരിഞ്ഞുപോയി; കണ്ണാടിയിൽ മുഖം കണ്ടു ഭയന്നു പിൻമാറി’’
കൊച്ചി ∙ ‘‘വിറകുകൊള്ളി പോലെ കരിഞ്ഞ സ്വന്തം മുഖം കണ്ണാടിയിലെ മങ്ങിയ കാഴ്ചയിൽ കണ്ടു ശരിക്കും ഭയന്നു പോയി!. 20 വിരലുകളിലെയും നഖങ്ങൾ ഊരിപ്പോയപ്പോഴും ശരീരത്തുനിന്നു തൊലി മുഴുവനായും ഇളകിപ്പോയിക്കൊണ്ടിരുന്നപ്പോഴും ആരു കണ്ടാലും ഭയന്നു പോകുംവിധമുള്ള തന്റെ മുഖത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ശ്വാസം മുട്ടലിനു ചികിത്സ തേടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയതാണ് തന്റെ ജീവിതം തന്നെ കരിച്ചു കളഞ്ഞത്.’’ – എറണാകുളം തിരുവാങ്കുളം നന്ദനം വീട്ടിൽ ഷിജിമോൾ(46) പറയുന്നു. തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓഫിസ് ജോലിക്കാരിയാണ് ഷിജി.
വേണ്ടത്ര ശ്രദ്ധയില്ലാതെ തനിക്കു മരുന്നു നൽകിയതാണ് ആരോഗ്യം തകർത്തതെന്നു ചൂണ്ടിക്കാട്ടി ഷിജിമോളും കുടുംബവും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയിരുന്നു. എന്നാൽ ഒരിടത്തുനിന്നും അനുകൂലമായ മറുപടി ലഭിച്ചില്ല. ആശുപത്രിയിലെത്തി പൊലീസ് ഡോക്ടറുമായി സംസാരിച്ചെന്നു പറയുന്നുണ്ടെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല.
ശ്വാസംമുട്ടൽ വന്നപ്പോൾ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയതാണ് ജീവിതം മാറ്റിമറിച്ചത്. രോഗത്തിനു കുറവു കാണാഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം വീണ്ടും അതേ ഡോക്ടറെതന്നെ കണ്ടപ്പോൾ മരുന്നു മാറ്റി നൽകി. ഇതു കഴിച്ചു തുടങ്ങിയപ്പോൾ മുതൽ ജീവിതം ഇരുട്ടിലേക്കു മാറുകയായിരുന്നു. കണ്ണിന്റെ കാഴ്ച മറഞ്ഞു തുടങ്ങി. ശരീരം കറുത്ത കുമിളകൾ കൊണ്ടു നിറഞ്ഞു. ഇതോടെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.
ആശുപത്രിയിലായിരിക്കെ ശരീരം മുഴുവൻ കറുത്തിരുണ്ടു. തൊലി പൂർണമായും ഇളകിപ്പോയ അവസ്ഥയിലേക്കായി. വായിലും ശരീരത്തുമെല്ലാം തൊലി അടർന്നു പോയിത്തുടങ്ങി. ഭക്ഷണം കഴിക്കാനാവാത്തവിധം വായിലെ തൊലി പൂർണമായും പോയി. ജലാംശം നഷ്ടമായി ശരീരം പൂർണമായും തളർന്നു. സോഡിയം കുറഞ്ഞു ബോധവും നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. കിടക്കയിൽ വിരിച്ച ഷീറ്റിൽ മരുന്നൊഴിച്ച് അതിലായിരുന്നു കിടത്തിയിരുന്നത്.
എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്തിടത്തുനിന്നു ഡോക്ടർ നവീന്റെ ചികിത്സയിൽ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. ഒരു മാസത്തിലേറെ നീണ്ട ആശുപത്രി വാസത്തിൽ ജീവിതം തിരിച്ചുപിടിച്ചു. ഡോക്ടറുടെയും ആശുപത്രിയുടെയും കരുതലിൽ ഇപ്പോൾ ആരോഗ്യം കാര്യമായി മെച്ചപ്പെട്ടു. എന്നാൽ കാഴ്ച ശരിയായിട്ടില്ലെന്നു മാത്രമല്ല, എത്രത്തോളം ശരിയാകും എന്ന കാര്യത്തിൽ വ്യക്തതയുമില്ല. സ്വന്തം മുഖം ഒരു മൂടിയ കാഴ്ചയായി മാത്രം അവശേഷിക്കുന്നു. വായിലും നാവിലുമുള്ള മുറിവുകൾ ഉണങ്ങാത്തതിനാൽ ഭക്ഷണം നന്നായി വേവിച്ച് അരച്ചാണു കഴിക്കുന്നത്.
∙ പിന്തുണയുമായി മക്കൾ
വീട്ടിൽനിന്ന് ആശുപത്രിയിൽ അഡ്മിറ്റാകാൻ പോകുമ്പോഴും ശരീരത്തു കുമിളകൾ നിറഞ്ഞിരുന്നതല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കിടക്കയിൽനിന്ന് എഴുന്നേൽക്കാനാകാത്ത സാഹചര്യത്തിലും പരിചരിച്ചു കൂടെയുണ്ടായിരുന്നതു കാലു തളർന്ന ഭിന്നശേഷിക്കാരനായ ഭർത്താവായിരുന്നു. മക്കളിൽ ഒരാൾ ബിരുദ വിദ്യാർഥിയും ഒരാൾ എട്ടാം ക്ലാസിലുമാണ്. തിരികെ ആശുപത്രിയിലേക്കു ചെല്ലുമ്പോൾ മക്കൾ എങ്ങനെ സ്വീകരിക്കും എന്നതിലായിരുന്നു ബന്ധുക്കളുടെ ആശങ്ക.
അതുകൊണ്ടു തന്നെ ബന്ധുക്കൾ നേരത്തെ വന്നു മക്കളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. സ്നേഹത്തോടെ പരിചരിച്ച് അമ്മയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ ഉപദേശിച്ചു. അതുകൊണ്ടു തന്നെ അമ്മയുടെ മുന്നിൽ കരയരുതെന്നു പറഞ്ഞത് അവർ അക്ഷരംപ്രതി പാലിച്ചു. ചിരിച്ചുകൊണ്ട് സ്നേഹത്തോടെയാണ് അവർ സ്വീകരിച്ചത്.
∙ ചികിത്സാപ്പിഴവ് നിഷേധിച്ച് ആശുപത്രി; പരാതികൾക്കും ഫലമില്ല
ചികിത്സാ പിഴവാണ് തന്റെ ആരോഗ്യം തകർത്തതെന്ന് ആരും സമ്മതിച്ചിട്ടില്ല. പിന്നീടു ചികിത്സ തേടിയ ആശുപത്രിയിൽനിന്നു നൽകിയ ഡിസ്ചാർജ് സമ്മറിയിൽ മരുന്നു കഴിച്ച വിവരം പരാമർശിച്ചിട്ടുണ്ട്. ആരുടെയെങ്കിലും കുറ്റമാണെന്നു പറയുന്നില്ല. പക്ഷേ തന്നെ ചികിത്സിക്കുന്നതിലുണ്ടായ പിഴവാണ് ശരീരം മുഴുവൻ വെന്തുപോകുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നതിൽ സംശയമില്ല. ഇക്കാര്യം ചോദിക്കുന്നതിനായി മരുന്നു നൽകിയ ഡോക്ടറെ കാണാൻ പോയെങ്കിലും അവർ സമ്മതിച്ചു തന്നിട്ടില്ല. ഭക്ഷണത്തിന്റെ അലർജിയൊക്കെ ആകാമെന്നാണ് പിആർഒ ഉൾപ്പടെയുള്ളവർ പറയുന്നത്. ഇവരോടു ബഹളം വച്ചിട്ടു കാര്യമില്ലാത്തതിനാൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു.
മാസങ്ങൾ നീണ്ട ചികിത്സ നടത്തുന്നതിന് ഇതുവരെ അഞ്ചു ലക്ഷം രൂപയിലേറെ ചെലവായി. ജോലി ചെയ്തിരുന്ന സ്ഥാപനമാണ് ചെലവിന്റെ വലിയൊരു ഭാഗം വഹിച്ചത്. നാട്ടുകാരും പരിചയക്കാരുമെല്ലാം സാമ്പത്തികമായി സഹായിച്ചതിനാൽ ഇതുവരെ ചികിത്സ മുന്നോട്ടു കൊണ്ടു പോകാനായി. സ്ഥാപനം ചെലവഴിച്ച തുക തിരികെ നൽകേണ്ടതാണ്. തുടർ ചികിത്സയ്ക്കാണെങ്കിലും സാമ്പത്തിക സഹായവും വേണ്ടതുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭിന്നശേഷിക്കാരനായ ഭർത്താവ് ഒരു കടയിൽ ജോലിക്കു നിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വരുമാനത്തിലാണ് ഇപ്പോൾ കുടുംബം മുന്നോട്ടു പോകുന്നത്. കംപ്യൂട്ടറിൽ ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ഇപ്പോൾ ബന്ധുവായ മറ്റൊരു യുവതിയാണ് എന്റെ സ്ഥാനത്ത് ജോലി ചെയ്യുന്നത്. കൂടെ പോയി കാര്യങ്ങൾ പറഞ്ഞു കൊടുക്കുമെങ്കിലും സ്വന്തമായി ഒന്നും ചെയ്യാനാവില്ല. പെൺമക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണം. ജീവിതത്തിലേക്കു തിരികെ വന്നെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിൽനിന്നു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. കുടുംബത്തിന്റെയും നാട്ടുകാരുടെയും മറ്റു നിരവധിപ്പേരുടെയും പിന്തുണയിലാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ജോലി ചെയ്തു കടങ്ങളെല്ലാം വീട്ടാനാകുമെന്ന പ്രതീക്ഷയാണ് മുൻപിലുള്ളത്. – ഷിജിമോൾ പറയുന്നു.
ഷിജിമോളുടെ പേരിൽ ഫെഡറൽ ബാങ്ക് ചിറ്റൂർ റോഡ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 11530100116899
IFSC – FDRL0001153
മൊബൈൽ നമ്പർ/ ഗൂഗിൾ പേ: –+91 95627 43553
(കടപ്പാട്: മനോരമ)