മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോയ മലയാളി കുഴഞ്ഞു വീണ് മരിച്ചു

ബഹറൈനിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപി (50) ആണ് മരിച്ചത്. മകനെ സ്കൂൾ ബസിൽ കയറ്റി വിടാനായി ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് പിതാവായ സത്യനാഥൻ ഗോപി കുഴഞ്ഞുവീണ് മരിച്ചത്.  അൽ മന്നായ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ ഏകമകൻ ശ്രീനാഥിനെ ചൊവ്വാഴ്ച രാവിലെ ബസ് കയറ്റി വിടാൻ സ്റ്റോപ്പിലെത്തിയതായിരുന്നു. ബസ്റ്റോപ്പിൽ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടൻതന്നെ മറ്റ് രക്ഷിതാക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫോഗ് പ്രിന്റിങ് സർവിസസിൽ ജോലി ചെയ്യുന്ന സുധയാണ് ഭാര്യ. പരേതരായ ഗോപി, ശ്രീമതി എന്നിവരാണ് സത്യനാഥൻ്റെ മാതാപിതാക്കൾ. കുടുംബം ഇപ്പോൾ കോയമ്പത്തൂരിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകനായ മനോജ് വടകര അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!