55 യാത്രക്കാരെ ബസിൽ ‘മറന്ന്’ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്നു; റിപ്പോർട്ട് തേടി ഡിജിസിഎ
ടിക്കറ്റെടുത്ത 55 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തിൽ റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടു ലഭിച്ചശേഷം ഉചിതമായി നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉൾപ്പെടെ ട്വിറ്ററിൽ ടാഗ് ചെയ്ത് നിരവധി പരാതികളാണ് യാത്രക്കാർ നൽകിയിരുന്നത്.
തിങ്കളാഴ്ച രാവിലെ 6.20നു ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാതിരുന്നത്. വിമാനത്തിൽ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടവന്നത്. എന്നാൽ അവസാനമെത്തിയ ബസിലെ 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു.
യാത്രക്കാരുടെ ബോർഡിങ് പാസുകൾ നൽകുകയും ബാഗുകൾ ഉൾപ്പെടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചത്. നാല് മണിക്കൂറിനുശേഷം, 10 മണിക്കു പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് ഇവർ പോകാനായത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഗോ ഫസ്റ്റ്, എന്നാൽ മറ്റൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക