നിയമലംഘനം കൂടുന്നു; മാസശമ്പളത്തെക്കാൾ കൂടുതൽ പിഴ ലഭിച്ച് ഡ്രൈവർമാർ,, പ്രയാസപ്പെടുന്നവരിൽ മലയാളികളും
യുഎഇയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അവസാന നിമിഷത്തിൽ തിരക്കിട്ട് യാത്ര ചെയ്യുന്നതുമാണ് നിയമലംഘനങ്ങളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങൾ. ബോധവൽക്കരണം ശക്തമാക്കിയിട്ടും തെറ്റുകൾ ആവർത്തിക്കുന്നതിൽ കുറവു വന്നിട്ടില്ല. വൻ തുക കുടിശിക വന്ന് വാഹന റജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാത്തവരും പിടിച്ചെടുത്ത ലൈസൻസ് വീണ്ടെടുക്കാനാകാതെ കുടുങ്ങിയവരും ഒട്ടേറെ.
വിശേഷാവസരങ്ങളിൽ അധികൃതർ നൽകുന്ന ഇളവ് പ്രയോജനപ്പെടുത്തി നിസ്സാര പിഴ അടച്ച് വീണ്ടെടുക്കുന്നവർ കുറച്ചുപേരുണ്ട്. പക്ഷേ ഇതിനു സാധിക്കാത്തവർ വാഹനവും ഡ്രൈവിങ് ലൈസൻസും ഉപേക്ഷിക്കേണ്ടിവരുന്നു. അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കൽ, പെട്ടന്നു ലെയ്ൻ മാറുക, വാഹനമില്ലെന്ന് ഉറപ്പാക്കാതെ പ്രധാന റോഡുകളിലേക്കു പ്രവേശിക്കുക, അകലം പാലിക്കാതിരിക്കുക, ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, സമൂഹമാധ്യമങ്ങളിൽ വിഹരിക്കുക, ഫോട്ടോ എടുക്കുക, മേക്കപ്പ് ചെയ്യുക, വസ്ത്രം ശരിയാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അപകടങ്ങൾക്കു കാരണമാകാറുണ്ട്.
വിവിധ നിയമലംഘനങ്ങൾക്കായി വർഷത്തിൽ 24 ബ്ലാക്ക് പോയിന്റ് ലഭിച്ചാൽ ലൈസൻസ് റദ്ദാകും. മാസത്തിൽ ശമ്പളത്തെക്കാൾ കൂടുതൽ പിഴ ലഭിച്ച ഡ്രൈവർമാരിൽ മലയാളികളും ഉൾപ്പെടും. വർഷത്തിൽ കുമിഞ്ഞുകൂടുന്ന ഗതാഗത പിഴ അടയ്ക്കാനായി മാസത്തിൽ ഒരു വിഹിതം മാറ്റിവയ്ക്കേണ്ടിവരുന്നവരും ഏറെ. ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് ഇവയിൽ ഭൂരിഭാഗവും. ആവർത്തിക്കുന്ന തെറ്റുകളും അവയ്ക്കുള്ള പിഴയും ബ്ലാക്ക് പോയിന്റും ഇങ്ങനെ.
നിയമലംഘനങ്ങൾ
∙ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം, 4 ബ്ലാക്ക് പോയിന്റ്.
∙വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്.
∙അകലം പാലിക്കാത്ത വാഹനങ്ങൾ അബുദാബിയിൽ കണ്ടുകെട്ടും. ഇതു വീണ്ടെടുക്കാൻ 5000 ദിർഹം അധികം നൽകണം.
∙ഹാർഡ് ഷോൾഡറിലൂടെ മറികടന്നാൽ 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റ്.
∙അപകട സ്ഥലത്ത് കൂട്ടം കൂടി നിന്നാൽ 1000 ദിർഹം പിഴ.
∙സീറ്റ് ബെൽറ്റ് ഇടാതിരുന്നാൽ 400 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്.
∙കാലഹരണപ്പെട്ട ടയർ ഉപയോഗിച്ച് വാഹനമോടിച്ചാൽ 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
∙റജിസ്ട്രേഷനും ഇൻഷുറൻസും പുതുക്കാതെ വാഹനമോടിച്ചാൽ 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും.
∙വാഹനത്തിൽനിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴ. 6 ബ്ലാക്ക് പോയിന്റ്.
∙ശബ്ദമലിനീകരണമുണ്ടാക്കി വാഹനമോടിച്ചാൽ 2000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റ്.
∙കള്ള ടാക്സി സർവീസ് നടത്തിയാൽ 3000 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റ്, 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക