ജിദ്ദയിൽ നിന്നും കരിപ്പൂരിലെത്തിയ യാത്രക്കാരൻ്റെ ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകള്‍, ഒരുകിലോ സ്വര്‍ണം; കരിപ്പൂരില്‍ ഈ വര്‍ഷത്തെ ആദ്യ കേസ്. പിടിച്ചത് പുറത്ത് കാത്ത് നിന്ന പോലീസ്

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലേറെ സ്വര്‍ണവുമായി യാത്രക്കാരന്‍ പോലീസ് പിടിയില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷി(32)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ 1.162 കിലോ സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 63 ലക്ഷം രൂപവിലവരുമെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മുനീഷ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയിലാണ് നാല് ക്യാപ്‌സ്യൂളുകളാക്കി സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

 

കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് ഈ വര്‍ഷം പോലീസ് പിടികൂടുന്ന ആദ്യ സ്വര്‍ണക്കടത്താണിത്. കഴിഞ്ഞവര്‍ഷം മാത്രം 90 സ്വര്‍ണക്കടത്ത് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആകെ 74 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. കടത്തുസ്വര്‍ണം തട്ടിയെടുക്കാനായി വിമാനത്താവളത്തിലെത്തിയ നാല് കവര്‍ച്ചാസംഘങ്ങളും പോലീസിന്റെ പിടിയിലായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!