സ്പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സൌദി ജവാസാത്തിന്‍റെ മുന്നറിയിപ്പ്. അര ലക്ഷം റിയാല്‍ പിഴയും അരക്കൊല്ലം തടവും ശിക്ഷ.

റിയാദ്: സ്വന്തം സ്പോണ്‍സര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യുകയോ, അനധികൃതമായി സ്വന്തം ബിസിനസ് നടത്തുകയോ ചെയ്യുന്ന പ്രവാസികള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് സൌദി ജവാസാത്ത് മുന്നറിയിപ്പ് നല്കി. 50,000 റിയാല്‍ വരെ പിഴയും, 6 മാസം വരെ തടവും, നാട് കടത്തലുമാണ് ശിക്ഷ.

 

സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ള തൊഴിലാളികളെ മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്പോണ്‍സര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒരു ലക്ഷം റിയാല്‍ വരെ പിഴയും 6 മാസം വരെ തടവും ശിക്ഷ ലഭിക്കുന്നതോടൊപ്പം അടുത്ത 5 വര്‍ഷത്തേക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.

 

അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്കെതിരെയും മുന്നറിയിപ്പുണ്ട്. അനധികൃതമായി സൌദിയില്‍ കഴിയുന്നവര്‍ക്ക് ജോലിയോ, താമസ സൌകര്യമോ, യാത്രാ സൌകര്യമോ നല്കിയാല്‍ 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ യാത്ര സഹായം ചെയ്ത വാഹനവും, താമസ സൌകര്യം നല്കിയ കെട്ടിടവും കണ്ടു കെട്ടുകയും ചെയ്യും.

 

ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മക്ക, റിയാദ്, കിഴക്കന്‍ മേഖലകളില്‍ 911 എന്ന നമ്പറിലും മറ്റ് മേഖലകളില്‍ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Share
error: Content is protected !!