കാമുകിയോടൊപ്പം ജീവിക്കാൻ മരിച്ചതായി സ്വയം വരുത്തി തീർത്തു; നാടകീയമായി സുഹൃത്തിനെ തലയറുത്ത് കൊന്നു, ഒടുവിൽ പിടിയിൽ

ഒറ്റ നോട്ടത്തിൽ സാധാരണ ഒരു മരണം, എന്നാൽ കൂടുതൽ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് കൊടുംക്രൂരതയുടെ നേർസാക്ഷ്യം. പുണെയിൽ നടന്ന ഒരു ക്രൂരകൊലപാതകം ഏൽപ്പിച്ച ആഘാതത്തിലാണ് ചർഘോലി ഖുർദ് ഗ്രാമത്തിലെ രണ്ട് കുടുംബങ്ങൾ. കാമുകിയോടൊപ്പം ഒളിച്ചോടി ജീവിക്കാൻ മറ്റൊരാളെ കൊലപ്പെടുത്തി അത് സ്വന്തം മരണമാണെന്ന് വരുത്തി തീർത്ത സംഭവമാണ് ഗ്രാമത്തെ മുഴുവൻ നടുക്കിയിരിക്കുന്നത്. ചർഘോലി ഖുർദ് ഗ്രാമത്തിലെ കർഷക തൊഴിലാളിയാണ് സുഭാഷ് എന്ന് അറിയപ്പെടുന്ന ഖെർബ ത്രോവ് (58).

രണ്ടു കുട്ടികളുടെ പിതാവായ സുഭാഷിന് അയൽഗ്രാമത്തിലുള്ള ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇവരോടൊപ്പം മറ്റൊരു സ്ഥലത്ത് ആരുമറിയാതെ താമസിക്കാൻ സുഭാഷ് തിരഞ്ഞെടുത്തത് സ്വന്തം മരണം സൃഷ്ടിക്കുന്ന വഴിയാണ്. താൻ മരിച്ചുവെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ച് കടന്നു കളയുക. ഇതിനായി അയൽഗ്രാമത്തിലുള്ള രവിന്ദ്ര ഖേനന്ദ് (48) എന്ന വ്യക്തിയെ ക്രൂരമായി കൊലപ്പെടുത്തുകയാണ് സുഭാഷ് ചെയ്തത്.

രവിന്ദ്രയെ വയലിലേക്ക് കൂട്ടിക്കൊണ്ടു വന്ന് വാളുകൊണ്ട് വെട്ടികൊലപ്പെടുത്തിയിട്ട് തല വേർപ്പെടുത്തി. ശേഷം തലയില്ലാത്ത ശരീരത്തിൽ തൻ്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. തുടർന്ന് ശരീരം നിലം ഉഴാൻ ഉപയോഗിക്കുന്ന റൊട്രവേറ്റർ മെഷിനിൽ കയറ്റി തിരിച്ചറിയാനാകാത്ത വിധം പല കഷ്ണങ്ങളാക്കി വികൃതമാക്കി. രവീന്ദ്രന്റെ തലയും വസ്ത്രങ്ങളും വെട്ടാനുപയോഗിച്ച വാളും ഫോണും അടുത്തുള്ള പൊട്ടക്കിണറ്റിൽ എറിഞ്ഞശേഷം കടന്നുകളഞ്ഞു. പിറ്റേ ദിവസം വയലിലെത്തിയവർ കാണുന്നത് ഛിന്നഭിന്നമായ ശരീര ഭാഗങ്ങളാണ്. തല കാണാതായതോടെ ഏതെങ്കിലും കാട്ടുമൃഗങ്ങൾ കടിച്ചിട്ടുണ്ടാകുമെന്ന് ഏവരും കരുതി.

വസ്ത്രം കണ്ട് മരിച്ചത് സുഭാഷ് തന്നെയെന്ന് മക്കളും സ്ഥിരീകരിച്ചു. അന്ത്യകർമ്മങ്ങൾ ഉൾപ്പടെ നടത്തി. ഇതുവരെ പ്ലാനുകൾ എല്ലാം കൃത്യമായിരുന്നു. അതേസമയം രവിന്ദ്രയുടെ ഭാര്യയും മക്കളും അദ്ദേഹത്തെ കാണാനില്ലെന്നു കാണിച്ച് പരാതി നൽകിയതോടെയാണ് അന്വേഷണത്തിന്റെ ഗതി മാറാൻ തുടങ്ങിയത്. രവിന്ദ്ര കടുത്ത മദ്യപാനിയായതുകൊണ്ട് വീട്ടിൽ വരാതിരിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ എല്ലാ ദിവസവും മകനെ ഫോൺ ചെയ്യാറുണ്ട്. പക്ഷേ രണ്ടു ദിവസമായിട്ടും ഫോൺ ഒന്നും വരാതിരുന്നപ്പോഴാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുകാർക്ക് സംശയം തോന്നിയത്.

 

 

പൊലീസ് അന്വേഷണത്തിൽ ഡിസംബർ 16ന് രവിന്ദ്രയും സുഭാഷും ഒരുമിച്ച് വയലിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. ഇരുവരും സുഹൃത്തുക്കളായതുകൊണ്ട് ഒരുമിച്ച് പോകുന്നതിൽ അസ്വഭാവികത തോന്നിയില്ല. എന്നാൽ പിറ്റേ ദിവസം മുതൽ രവിന്ദ്രയെ കാണാതായതോടെ അന്വേഷണം ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചു. ഈ സമയം പ്രണയിനിയുമായി ഒളിച്ചോടിയ സുഭാഷ് കൊലപാതക വിവരം അവരോട് പറയുന്നു.

ഇതുകേട്ട് ഭയചകിതയായ യുവതി തന്നെ തിരികെ വീട്ടിൽ കൊണ്ടുവിടാൻ ആവശ്യപ്പെട്ടു. യുവതിയെ കൊണ്ടുവിട്ട ശേഷം സുഭാഷ് നേരെ പോയത് 20 കിലോമീറ്റർ അകലെയുള്ള ബന്ധുവീട്ടിലാണ്. മരിച്ചുപോയ സഹോദരൻ രാത്രി കൺമുന്നിൽ വന്നു നിന്നതു കണ്ട് ബന്ധുവായ സ്ത്രീ ബോധംകെട്ട് വീണു. പിറ്റേന്ന് ഇവർ താൻ സുഭാഷിനെ കണ്ട വിവരം ഗ്രാമവാസികളെയും പൊലീസിനെയും അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിൽ സുഭാഷിനെ പിടികൂടാൻ സാധിച്ചു.

ആദ്യത്തെ ചോദ്യം ചെയ്യലിൽ സുഭാഷ് ഒന്നും തുറന്നുപറഞ്ഞില്ല. എന്നാൽ തുടർ ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയ വിവരം ഇയാൾ സമ്മതിച്ചു. സംഭവസ്ഥലത്ത് കൊണ്ടുവന്നു തെളിവെടുപ്പു നടത്തിയ ശേഷം സുഭാഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ് തെളിഞ്ഞെങ്കിലും സംഭവിച്ച കാര്യങ്ങളുടെ ഞെട്ടലിൽ നിന്നും ഇരുകുടുംബങ്ങളും മോചിതരായിട്ടില്ല. അച്ഛൻ ചെയ്ത ക്രൂരതയെക്കുറിച്ച് ഓർക്കാൻ തന്നെ സാധിക്കുന്നില്ലെന്നാണ് സുഭാഷിന്റെ മക്കൾ പറയുന്നത്. കൊലയാളിക്ക് തക്ക ശിക്ഷ കിട്ടണമെന്ന് രവിന്ദ്രയുടെ വീട്ടുകാരും പ്രതികരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!