പ്രവാസികൾ ശ്രദ്ധിക്കുക..സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ടു; യുവാവ് കുടുങ്ങി

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയില്‍ രണ്ട് അപരിചിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ യുവാവ് കുടുങ്ങി. അനുമതിയില്ലാതെ തങ്ങളുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ഇവര്‍ നല്‍കിയ പരാതിയില്‍ രണ്ട് പേര്‍ക്കും 15,000 ദിര്‍ഹം (മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി കോടതി വിധിച്ചു.

ടിക് ടോക്കിലും സ്നാപ് ചാറ്റിലും പോസ്റ്റ് ചെയ്‍ത വീഡിയോയിലാണ് രണ്ട് അപരിചിതരുടെ ഫോട്ടോകള്‍ ഉള്‍പ്പെട്ടത്. വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ ഇവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചു. തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെട്ടതു കൊണ്ടുണ്ടായ മാനസിക പ്രയാസത്തിന് പകരം 51,000 ദിര്‍ഹം നഷ്ടപരിഹാരം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

കേസ് ആദ്യം പരിഗണിച്ച അബുദാബി ഫാമിലി ആന്റ് സിവില്‍ ആന്റ് അഡ്‍മിനിസ്‍ട്രേറ്റീവ് കേസ് കോടതി പരാതിക്കാര്‍ക്ക് അനുകൂലമായാണ് വിധി പ്രസ്‍താവിച്ചത്. എന്നാല്‍ നഷ്ടപരിഹാരത്തുക 15,000 ദിര്‍ഹമാക്കി കുറച്ചു. കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും ഇതേ വിധി ശരിവെച്ചു.

യുഎഇയിലും സൌദിയിലുമുൾപ്പെടെയുള്ള പല ഗൾഫ് രാജ്യങ്ങളിലും പൊതു സ്ഥലത്താണെങ്കിലും സ്വകാര്യ സ്ഥലങ്ങളിലാണെങ്കിലും അനുമതിയില്ലാതെ വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും ചിത്രികരിക്കുന്നത് കുറ്റകരമാണ്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് പുറമെ അത്തരം ചിത്രങ്ങള്‍ കോപ്പി ചെയ്യുന്നതും സേവ് ചെയ്യുന്നതും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതുമെല്ലാം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും.

യുഎഇയിൽ ആറ് മാസം ജയില്‍ ശിക്ഷയും ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!