മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍നിന്ന് മുജാഹിദ് വിഭാഗം വിട്ടുനില്‍ക്കും; ഫാസിസ്റ്റുകളെ പ്രീണിപ്പിക്കാനെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: തിങ്കളാഴ്ച ചേരുന്ന മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ബഹിഷ്‌കരിക്കാന്‍ കെ.എന്‍.എം തീരുമാനിച്ചതായി സൂചന. മുജാഹിദ് സമ്മേളനത്തില്‍ നിന്നും പാണക്കാട് തങ്ങള്‍മാര്‍ വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. പാണക്കാട് സാദിഖലി തങ്ങള്‍ വിളിച്ച യോഗമാണ് കെ.എന്‍.എം ബഹിഷ്‌കരിക്കുന്നത്.

വ്യത്യസ്ഥ കാഴ്ചപ്പാടുകളും നിലപാടുകളും നിലനിറുത്തികൊണ്ട് തന്നെ മുസ്ലീം സമുദായത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിൽ പൊതു നിലപാട് സ്വീകരിക്കുന്നതിലും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടി നിലകൊള്ളുന്നതാണ് മുസ്ലീം കോർഡിനേഷൻ കമ്മറ്റി. പൌര്വത്വ ഭേദഗതി നിയമം ഉൾപ്പെടെ മുസ്ലിംഗളുടെ പല പൊതുവിഷയങ്ങളിലും കമ്മറ്റി യോഗം ചേരുകയും പൊതു നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ജന്‍ഡര്‍ ന്യൂട്രാലിറ്റി, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളും ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ വേണ്ടിയായിരുന്നു ഇത്തവണ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തത്. കഴിഞ്ഞ ദിവസം നടന്ന മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബത്തില്‍ നിന്നും ആരും പങ്കെടുത്തിരുന്നില്ല. ഇതിനുള്ള പ്രതിഷേധമറിയിക്കാനാണ് മുജാഹിദിന്‍റെ പിന്‍മാറ്റം.

കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട് സ്വപ്ന നഗരിയിലായിരുന്നു മുജാഹിദിന്റെ സംസ്ഥാന സമ്മേളനം നടന്നത്.മുനവറലി ഷിഹാബ് തങ്ങളും റഷീദലി ഷിഹാബ് തങ്ങളും സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇവരുടെ പേരുവച്ച് നോട്ടിസ് ഇറക്കിയിരുന്നു. എന്നാൽ തങ്ങൾ കുടുംബത്തിൽ നിന്നും ആരും പങ്കെടുക്കാനെത്തിയില്ല. തന്നെ യോഗത്തിൽ വിളിക്കാത്തുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് മുനവറലി പറഞ്ഞു.

സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് സാദിഖലി തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുനവറലി തങ്ങളും റഷീദ് തങ്ങളും വിവിധ സെഷനുകളില്‍ പങ്കെടുക്കുമെന്നായിരുന്നു നോട്ടീസ്. എന്നാല്‍ സമസ്തയുടെ കര്‍ശന നിലപാട് പുറത്തു വന്നതോടെ ഇരുവരും സമ്മേളനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

മുജാഹിദ് സമ്മേളനത്തില്‍ സമസ്തയ്ക്കും മുസ്ലീം ലീഗിനുമെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൗരോഹത്യ സംഘടനയായ സമസ്ത പറയുന്നത് കേട്ട് ലീഗ് പ്രവര്‍ത്തിക്കരുതെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

അതേ സമയം മുജാഹിദ് സമ്മേളനത്തിന് മുന്നോടിയായി ജനം ടിവിയിൽ മുജാഹിദ് സംസ്ഥാന സെക്രട്ടറി നൽകിയ അഭിമുഖം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിന് പിറകെ മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ബഹിഷ്‌കരിക്കാന്‍ മുജാഹിദ് തീരുമാനിച്ചതും സോഷ്യൽ മീഡിയയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി.

പാണക്കാട് തങ്ങൻമാർ മുജാഹിദ് യോഗത്തിന് വരാത്തതിന് മുസ്ലീം ലീഗ് പരിപാടിയാണ് മുജാഹിദുകൾ ബഹിഷ്കരിക്കേണ്ടതെന്നും, ഇപ്പോൾ നടക്കുന്നത് മുസ്ലീംഗളുടെ പൊതു വിഷയത്തെ കുറിച്ചുള്ള ചർച്ചയാണെന്നുമാണ് ഒരു വിഭാഗത്തിൻ്റെ വാദം.

മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി വിളിച്ച യോഗം മുജാഹിദുകൾ ബഹിഷ്കരിക്കുന്നത് ഫാസിസ്റ്റുകളെ പ്രീണിപ്പിക്കാനാണെന്നും, ഫാസിസ്റ്റ് അജണ്ടകളായ ജന്‍ഡര്‍ ന്യൂട്രാലിറ്റി, ഏക സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളിൽ മുസ്ലീം സമുദായത്തിനോടൊപ്പം നിൽക്കാൻ പണ്ടത്തെ പോലെ ഇനി മുജാഹിദുകളെ നോക്കേണ്ടെന്നുമാണ് മറ്റൊരു വിഭാഗം ആരോപിക്കുന്നത്. മുജാഹിദുകളുടെ ഫാസിറ്റ് പ്രീണനം ജനം ടിവിയിലെ ഇൻ്റർവ്യൂവിലൂടെ ജനങ്ങൾ മനസ്സിലാക്കിയതാണെന്നും ഇവർ വാദിക്കുന്നു.

എന്നാൽ ജനം ടി.വി ഇൻ്റർവ്യൂ മുതൽ മുജാഹിദ് വിഭാഗം ഫാസിസ്റ്റുകൾക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നത് മുസ്ലിം കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുള്ളതിനാൽ യോഗത്തിൽ നിന്ന് ഒളിച്ചോടാനാണ് മുജാഹിദുകളുടെ ശ്രമമെന്ന് മറ്റൊരു വിഭാഗം പരിഹസിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!