യാത്രാവിലക്ക് നേരിട്ട പ്രവാസികൾക്ക് നാടണയാം; അറിയാം സൗദിയിലെ നിർണായക മാറ്റങ്ങൾ എന്തൊക്കെ

റിയാദ്: സാമ്പത്തിക ബാധ്യതകളുടെ പേരിൽ സൗദിയിൽ യാത്രാവിലക്ക് നേരിടുന്ന പ്രവാസികൾക്ക് ആശ്വാസം. അമ്പതിനായിരം റിയാലിൽ താഴെയുള്ള സാമ്പത്തിക ബാധ്യതകളുടെ പേരിൽ എക്സിക്യൂഷൻ കോടതി ഏർപ്പെടുത്തിയ യാത്രാവിലക്കുകൾ നീക്കിത്തുടങ്ങി. വർഷങ്ങളായി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കഴിയുന്ന നിരവധി പ്രവാസികൾക്ക് ഇതോടെ നാടണയാൻ വഴിയൊരുങ്ങും.

കഴിഞ്ഞ മാസം 29 മുതലാണ് എക്സിക്യൂഷൻ നിയമത്തിലെ ഭേദഗതി പ്രാബല്യത്തിൽ വന്നത്. എന്നാൽ യാത്രാവിലക്ക് നീങ്ങിയാലും സാമ്പത്തിക ബാധ്യത ഒഴിവാകില്ല. തുക അടച്ചുതീർക്കുകയോ കോടതിയിൽ നിയമപരമായി ചോദ്യം ചെയ്യുകയോ വേണം. ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം ഈടാക്കാനും കഴിയും.

പത്ത് വർഷത്തിലധികം പഴക്കമുള്ള പ്രോമിസറി നോട്ടുകളുടെയും ഇടപാടുകളുമായി ബന്ധപ്പെട്ട കോടതി വിധികളുടെയും അടിസ്ഥാനത്തിൽ ഇനി എക്സിക്യൂഷൻ കോടതികൾ നടപടി സ്വീകരിക്കില്ല. എന്നാൽ ഭൂമി, വാടക ഇടപാടുകളുമായി ബന്ധപ്പെട്ട യാത്രാവിലക്കുകൾക്ക് ഈ ഇളവ് ബാധകമല്ല. വെള്ളക്കടലാസിൽ എഴുതിയോ പ്രിന്റ് ചെയ്തോ തയ്യാറാക്കുന്ന പ്രോമിസറി നോട്ടുകൾക്കും ഇനി അംഗീകാരമുണ്ടാകില്ല. ഓൺലൈൻ വഴി തയ്യാറാക്കുന്ന രേഖകൾക്കാണ് സ്വീകാര്യത. അമ്പതിനായിരം റിയാലിന് മുകളിലുള്ള പ്രോമിസറി നോട്ടുകൾക്കാണ് ഈ വ്യവസ്ഥ ബാധകമാകുന്നത്.യാത്രാവിലക്കിന്റെ പേരിൽ മാത്രം സർക്കാർ സേവനങ്ങൾ തടസ്സപ്പെടുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ല.

യാത്രാവിലക്കിന്റെ കാലാവധി മൂന്ന് വർഷമായി നിജപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരന്റെ ആവശ്യമനുസരിച്ച് മൂന്ന് വർഷം കൂടി നീട്ടാം. പരമാവധി ആറു വർഷം വരെ മാത്രമേ വിലക്ക് തുടരൂ.ചികിത്സയ്ക്കോ ഔദ്യോഗിക ജോലിയുടെ ഭാഗമായോ വിദേശയാത്ര വേണ്ടിവരുന്നവർക്ക് ആവശ്യമായ രേഖകൾ കോടതിയിൽ സമർപ്പിച്ച് യാത്രാവിലക്ക് നീക്കാൻ അപേക്ഷിക്കാം. തൊഴിലാളികളിൽനിന്ന് വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങി പിന്നീട് അതിൽ വലിയ തുക രേഖപ്പെടുത്തി കോടതിയിൽ സമർപ്പിക്കുന്ന ചില തൊഴിൽദാതാക്കളുടെ രീതിക്കെതിരെയും പുതിയ ഭേദഗതി നിർണായകമാണ്. ഇത്തരം നടപടികൾ മൂലം സാമ്പത്തിക ബാധ്യതയും യാത്രാവിലക്കും നേരിടുന്ന പ്രവാസികൾക്ക് പുതിയ വ്യവസ്ഥ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
…..

Share