മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി.
മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനൊപ്പം സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ഷറഫ് അലിയെയും അബ്ദുറഹ്മാന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെയും പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചത്. ഇവരെ പ്രതിചേർക്കുന്നതിനായി പൊലീസ് നൽകിയ അപേക്ഷയിലാണ് ഗവർണർ അനുമതി നൽകിയത്.
കേസിൽ മുൻമന്ത്രിയുടെ പങ്ക് സംബന്ധിച്ച് അന്വേഷണ സംഘം നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. സർക്കാർ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ തീരുമാനിച്ചതെന്നതിനാൽ മുൻമന്ത്രിയെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി തേടുന്നതാണ് ഉചിതമെന്നായിരുന്നു നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ഗവർണർക്ക് അപേക്ഷ നൽകുകയായിരുന്നു. ഫയലുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഗവർണർ അനുമതി നൽകിയത്.
പദവി ദുരുപയോഗം ചെയ്ത് ബന്ധപ്പെട്ട കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്നതാണ് വി. അബ്ദുറഹ്മാനെതിരായ പ്രധാന ആരോപണം. തട്ടിപ്പിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും മുൻമന്ത്രിക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
മുൻമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സർക്കാർ അനുമതിയില്ലാതെയും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയും ഓഫീസിൽ നിന്ന് വിവിധ ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കായിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയല്ല ഇത്തരം നടപടികൾ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അബ്ദുറഹ്മാനെ നേരത്തെ മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചിരുന്നു. ഗവർണറുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിചേർത്ത ശേഷം ചോദ്യം ചെയ്യണോ, വീണ്ടും മൊഴിയെടുത്തതിന് ശേഷമാണോ നടപടി സ്വീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണ സംഘം തീരുമാനമെടുക്കും. പ്രതിചേർക്കുന്നതിന് ആവശ്യമായ രേഖകളും മൊഴികളും നേരത്തെ പരിശോധിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
പ്രതിചേർക്കുന്നതോടെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും അന്വേഷണ സംഘത്തിന് സാധിക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമോയെന്നതും വരും ദിവസങ്ങളിൽ വ്യക്തമാകും.
….


