അസ്ഫാകുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ്; കുട്ടിയുടെ ചെരിപ്പും കീറിയ വസ്ത്രവും കണ്ടെടുത്തു

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരപീഡനത്തിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു.

കൃത്യം നടത്തിയ മാര്‍ക്കറ്റിലെ ഒഴിഞ്ഞഭാഗത്തായിരുന്നു പോലീസ് സംഘം വ്യാഴാഴ്ച പ്രതിയുമായെത്തിയത്. അഞ്ചുവയസ്സുകാരി ധരിച്ചിരുന്ന വസ്ത്രം കീറിയെടുത്ത് അത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിനുശേഷം സംഭവസ്ഥലത്ത് ഒളിപ്പിച്ചുവെച്ച വസ്ത്രത്തിന്റെ ഭാഗമാണ് വ്യാഴാഴ്ച കണ്ടെടുത്തത്. കുട്ടിയുടെ ഒരുചെരിപ്പും ഇവിടെയുണ്ടായിരുന്നു.

 

പോലീസ് സംഘം പ്രതിയുമായി വരുന്നവിവരം പുറത്തറിയാത്തതിനാല്‍ സംഭവദിവസത്തെപ്പോലെ ജനക്കൂട്ടമോ പ്രതിഷേധങ്ങളോ ഉണ്ടായിരുന്നില്ല. തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് പിന്നീട് കുറച്ചുപേര്‍ സ്ഥലത്തെത്തിയെങ്കിലും ഇത്തവണ രോഷപ്രകടനങ്ങളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി മടങ്ങുകയും ചെയ്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share