സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; യുവാവ് പിടിയില്‍

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 18 കാരനായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുന്നതിനായി യൂട്യൂബ് വിഡിയോകൾ കണ്ട് പ്രതി പച്ചമരുന്ന് തയ്യാറാക്കി നൽകിയെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിൽ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

നാഗ്പൂരിലെ ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ വർഷം വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ വിളിച്ചുവരുത്തി പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി പെൺകുട്ടിയുമായി ബന്ധം തുടരുകയും ചെയ്തു.

എന്നാല്‍ പെൺകുട്ടി ഗർഭിണിയായ വിവരം പുറത്തറിഞ്ഞതോടെ, ആശുപത്രിയെ സമീപിക്കുന്നതിന് പകരം പ്രതി ഗർഭം അലസിപ്പിക്കാനുള്ള വഴികൾ യൂട്യൂബിൽ പരതുകയായിരുന്നു. തുടർന്ന് യൂട്യൂബ് ട്യൂട്ടോറിയലുകൾ കണ്ടു മനസ്സിലാക്കി ചച്ചമരുന്നും ചില ഗുളികകളും പ്രതി പെൺകുട്ടിക്ക് നിർബന്ധിച്ച് നൽകി.

എന്നാൽ ഗർഭം അവസാന ഘട്ടത്തിലായതിനാൽ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും പെൺകുട്ടിയുടെ ആരോഗ്യനില വഷളാകുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടി വീട്ടിൽ വെച്ച് പ്രസവിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പെൺകുട്ടിയെ കുടുംബം ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവജാത ശിശുവിനെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയായ 18 കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതിയും പ്രായപൂർത്തിയാകാത്ത ആളായിരുന്നുവെന്നും, പ്രായം സംബന്ധിച്ച നിയമപരമായ പരിശോധനകൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. അതിജീവിതയായ പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിങ്ങും പിന്തുണയും നൽകുമെന്നും കേസ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Share