മാസപ്പടി കേസ്; പിണറായി വിജയന്റെ വീടിന് മുന്നിൽ സമൻസ് പതിച്ച് ഇഡി

തിരുവനന്തപുരം: മാസപ്പടി അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെത്തി ഇഡി സംഘം സമൻസ് പതിപ്പിച്ചു. ഉച്ചയ്‌ക്ക് ഒരുമണിയോടെ തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിലുള്ള വാടക വീടിന് മുന്നിലാണ് സമൻസ് പതിച്ചത്. ഉദ്യോഗസ്ഥരെത്തിയപ്പോൾ പിണറായി വിജയനോ മറ്റ് കുടുംബാംഗങ്ങളോ വീട്ടിലുണ്ടായിരുന്നില്ല. നോട്ടീസ് ആരും കൈപ്പറ്റാത്തതിനാലാണ് വീടിന് മുന്നിൽ പതിച്ചത്.

അടുത്ത വെള്ളിയാഴ്‌ച ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. നേരത്തേ തപാൽ മാർഗം നോട്ടീസയച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നേരിട്ടെത്തിയത്. സംഭവത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗ് വി ശിവൻകുട്ടി പിണറായിയുടെ വസതിയിലെത്തി. കോടതികളൊന്നും അന്വേഷണം സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് ഇഡി അതിവേഗ നടപടിയുമായി മുന്നോട്ടുപോകുന്നത്.

Share