ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യാപരമായ ആക്രമണം; അപലപിച്ച് ഖത്തർ
ദോഹ: ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യാപരമായ ആക്രമണത്തെ അപലപിച്ച് ഖത്വര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി. ഉപരോധിക്കപ്പെട്ട ഫലസ്തീന്‍ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ യുദ്ധക്കുറ്റവാളികള്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.
ഗസ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തുന്ന നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ചൊവ്വാഴ്ച ‘പിയേഴ്‌സ് മോര്‍ഗന്‍ അണ്‍സെന്‍സേര്‍ഡ്’ (Piers Morgan Uncensored) എന്ന പരിപാടിയിലാണ് ഖത്വറിന്റെ വിദേശകാര്യ മന്ത്രി കൂടിയായ ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.
2023 ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്‌റാഈലിനു നേരെ നടത്തിയ ആക്രമണത്തെ ‘അപലപിക്കേണ്ട ഒരു കൂട്ടക്കൊലപാതകം’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ആ ആക്രമണം നടത്തിയവര്‍ ഉത്തരവാദികളാക്കപ്പെടണം. എന്നാല്‍, അതിന് ഇസ്‌റാഈല്‍ മറുപടി നല്‍കിയ രീതി ന്യായീകരിക്കാനാവാത്തതാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ‘ആശുപത്രികളും സ്‌കൂളുകളും ആക്രമിക്കപ്പെട്ടു. എന്ത് ന്യായീകരണങ്ങളും വാദഗതികളും നിരത്തിയാലും ഇതിനെയൊന്നും ന്യായീകരിക്കാനാവില്ല’- ഖത്വര്‍ പ്രധാനമന്ത്രി പറഞ്ഞു.
2025 ഒക്ടോബറില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്‌റാഈല്‍ ദിവസേനയെന്നോണം ലംഘിക്കുന്നതിനെയും ഷെയ്ഖ് മുഹമ്മദ് വിമര്‍ശിച്ചു. വെടിനിര്‍ത്തലിനു ശേഷം ഗസ മുനമ്പില്‍ 1,400-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കൂടുതല്‍ പ്രദേശങ്ങള്‍ കൈക്കലാക്കപ്പെട്ടിരിക്കുന്നു. ഗസ മുനമ്പിന്റെ ഏകദേശം 70 ശതമാനവും ഇസ്‌റാഈല്‍ സേനയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. കരാര്‍ പ്രകാരമുള്ള തങ്ങളുടെ ബാധ്യതകള്‍ അവര്‍ നിറവേറ്റുന്നില്ല. അവര്‍ക്ക് വ്യത്യസ്തമായ ലക്ഷ്യങ്ങളാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു.’- അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയ ദിവസം മുതല്‍ വെടിനിര്‍ത്തലിനായുള്ള ഖത്വറിന്റെ ശ്രമങ്ങളെ ഇസ്‌റാഈല്‍ നിരന്തരം അട്ടിമറിക്കുകയായിരുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പ്രതികരിച്ചു.
ചര്‍ച്ചകള്‍ക്കായി ഒത്തുചേര്‍ന്ന മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് 2025-ല്‍ ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെയും അദ്ദേഹം അപലപിച്ചു. മാരകമായ സ്‌ഫോടനത്തിന് കാരണമായ ആ ആക്രമണം ഖത്വറിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമായിരുന്നുവെന്നും ഖത്വര്‍ പ്രധാനമന്ത്രി ആരോപിച്ചു.


