ഈ വർഷത്തെ ജിദ്ദ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേള 2027-ലേക്ക് മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

ജിദ്ദ: സൗദി അറേബ്യയിലെ പ്രധാന സാംസ്കാരിക പരിപാടികളിലൊന്നായ റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവളിൻ്റെ ആറാം പതിപ്പ് 2027-ലേക്ക് മാറ്റിവച്ചതായി റെഡ് സീ ഫിലിം ഫൌണ്ടേഷൻ അറിയിച്ചു. 2026-ൽ നടക്കേണ്ടിയിരുന്ന പതിപ്പ് ഇനി 2027-ലെ നാലാം പാദത്തിൽ നടത്താനാണ് തീരുമാനം. കൃത്യമായ പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഈ വർഷത്തെ ആറാം പതിപ്പ് ഈ വർഷം ഡിസംബർ 3 മുതൽ 12 വരെ  തീയതികളിൽ ജിദ്ദ ബലദിലെ ഹിസ്റ്റോറിക്കൽ  മേഖലയിൽ നടത്താനായിരുന്നു പദ്ധതി.

ഫിലിം ഫെസ്റ്റിവലിൻ്റെ അടുത്ത പതിപ്പിൻ്റെ സമയക്രമം സമഗ്രമായി പുനഃപരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തതെന്ന് റെഡ് സീ ഫിലിം ഫൌണ്ടേഷൻ വ്യക്തമാക്കി. ഇത്രയും വലിയ ഒരു അന്താരാഷ്ട്ര ഈവൻ്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ലോജിസ്റ്റിക് ആവശ്യങ്ങൾ ഉൾപ്പെടെയുള്ള ഘടകങ്ങളാണ് പുനപരിശോധനയിൽ പരിഗണിച്ചതെന്ന് റെഡ് സീ ഫിലിം ഫൌണ്ടേഷൻ അറിയിച്ചു.

2027-ൽ ജിദ്ദ ബലദിലെ ഹിസ്റ്റോറിക്കൽ  മേഖലയിലേക്ക് മേള തിരിച്ചെത്തുന്നതുവരെ ഫൌണ്ടേഷൻ്റെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കില്ലെന്നും ഫിലിം മേക്കേഴ്സിനെയും സിനിമാ കമ്മ്യൂണിറ്റിയെയും പിന്തുണയ്ക്കുന്ന പ്രോഗ്രാമുകളും പദ്ധതികളും  വർഷം മുഴുവൻ തുടരുമെന്നും ഫൌണ്ടേഷൻ വ്യക്തമാക്കി.

റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേള കഴിഞ്ഞ ഏതാനും വർഷങ്ങളായി സൗദി അറേബ്യയുടെ ചലച്ചിത്ര-വിനോദ മേഖലകളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന പ്രധാന വേദികളിലൊന്നായി മാറിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ, സംവിധായകർ, നിർമാതാക്കൾ, ചലച്ചിത്ര മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന മേളയിൽ സൗദി, അറബ്, ഏഷ്യൻ, ആഫ്രിക്കൻ സിനിമകൾക്ക് പ്രത്യേക പ്രാധാന്യം നൽകിവരുന്നു.

മേളയുടെ അഞ്ചാം പതിപ്പ് 2025 ഡിസംബർ 4 മുതൽ 13 വരെ ചരിത്രപ്രസിദ്ധമായ ജിദ്ദയിലെ അൽ ബലദ് മേഖലയിൽ നടന്നിരുന്നു. ചലച്ചിത്ര പ്രദർശനങ്ങൾ, സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകൾ, തത്സമയ കലാപരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവയോടെയായിരുന്നു മേള സംഘടിപ്പിച്ചത്.

Share