ഒടുവിൽ കഅബക്കരികിലെത്തി, പ്രപഞ്ചനാഥനോട് കരഞ്ഞ് പ്രാർത്ഥിച്ചു; ഉംറ ചെയ്യിപ്പിക്കാമെന്ന് പറഞ്ഞ് അയൽവാസിയുടെ ചതിയിൽപ്പെട്ട് ദുരിതത്തിലായ ഫർഹാനക്ക് സ്വപ്ന സാഫല്യം

റിയാദ്: ഉംറയെന്ന ജീവിതാഭിലാഷം നിറവേറ്റാൻ എത്തി ചതിയിലകപ്പെട്ട് നരകയാതന അനുഭവിക്കേണ്ടി വന്ന തെലങ്കാന സ്വദേശി ഫർഹാനക്ക് അവസാനം സ്വപ്‌ന സാഫല്യം. വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്‌നമായ  ഉംറ നിർവഹിക്കുക എന്ന ലക്ഷ്യത്തിൽ പുണ്യഭൂമിയിലെത്തിയിട്ട് സ്വദേശിയുടെ വീട്ടിൽ ജോലിക്കാരിയാവേണ്ടി വന്ന ഫർഹാനക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാനും മദീനയിലെത്തി പ്രവാചകെൻറ പള്ളി സന്ദർശിക്കാനും തുണയായത് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകമാണ്.

താമസസൗകര്യം, ഭക്ഷണം തുടങ്ങിയവ അടക്കം എല്ലാം സൗജന്യമായി നൽകി ഐ.സി.എഫിന് കീഴിലുള്ള അൽ ഖുദ്‌സ് ഉംറ സർവിസ് വഴിയാണ് സൗകര്യം ഒരുക്കിയത്. റിയാദ് ഉമ്മുൽ ഹമാം സെക്ടർ ഐ.സി.എഫ്  സെക്രട്ടറി നൗഷാദിെൻറ കുടുംബത്തോടൊപ്പം ഉംറയും മദീന സന്ദർശനവും നടത്തി ഫർഹാന റിയാദിൽ തിരിെച്ചത്തി.

റിയാദിൽ നിന്ന് 300 കിലോമീറ്ററകലെ ദവാദ്മിയിലെ അറജ എന്ന സ്ഥലത്തെ സ്വദേശി വീട്ടിലെ ദുരിതത്തിൽ നിന്ന്, ദവാദ്മി പൊലീസ് ഇടപെട്ട് മോചിപ്പിച്ചതിനെ തുടർന്നാണ് ഫർഹാനക്ക് ഉംറക്ക് വഴിയൊരുങ്ങിയത്. ദവാദ്മി ഹെൽപ് ഡെസ്കും ദവാദ്മിയിലെ സാമൂഹികപ്രവർത്തകൻ ഹുസൈൻ അലിയുമാണ് ഫർഹാനയെ മോചിപ്പിക്കാനുള്ള ശ്രമം നടത്തിയത്. മോചിതയായ ഫർഹാനയെ ദവാദ്മി ഐ.സി.എഫ് പ്രവർത്തകൻ അമീർ തെൻറ വീട്ടിൽ അഭയം നൽകി.

ദവാദ്മി ഐ.സി.എഫ് ക്ഷേമകാര്യ സെക്രട്ടറി റിയാസ് പോത്തനൂർ, റിയാദ് ഘടകം ക്ഷേമകാര്യ പ്രസിഡൻറ് ഇബ്രാഹീം കരീമുമായി ബന്ധപ്പെടുകയും ഉംറക്ക് സൗകര്യം ഒരുക്കുകയുമായിരുന്നു. യത്രയിലൂടനീളം സന്തോഷവതിയായിരുന്ന ഫർഹാന, കർമങ്ങൾക്കിടയിൽ കുറച്ചുനേരം കൂട്ടം തെറ്റിയത് അൽപം ആശങ്ക ഉണ്ടാക്കിയെങ്കിലും കർമങ്ങൾ എല്ലാം ഭംഗിയായി നിറവേറ്റാൻ കഴിഞ്ഞതായി നൗഷാദ് പറഞ്ഞു. ഭാഷയുടെ അതിർവരമ്പുകൾക്കിടയിലും ആംഗ്യഭാഷയിലൂടെയുള്ള അവരുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

നിരാലംബരായ സ്ത്രീകളെ ഉംറ ചെയ്യാനും പുണ്യഭൂമി സന്ദർശിക്കാനും അവസരം നൽകാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് നാട്ടിൽ നിന്നും സൗദിയിലെത്തിച്ച് സ്വദേശി വീടുകളിൽ വേലക്കാരികളാക്കുന്ന പുതിയയിനം മനുഷ്യക്കടത്തിൽ കുടുങ്ങിയതാണ് ഈ മുപ്പത്തിമൂന്നുകാരി.

സൗദിയിൽ ജോലി ചെയ്യുന്ന അയൽവാസിയായ അക്രം വഷിെയന്ന ഏജൻറാണ് അവരുടെ ആത്മീയ മോഹത്തിന്മേൽ ചൂണ്ടയെറിഞ്ഞത്. വെറും 15,000 രൂപ തന്നാൽ വിസയെടുത്ത് മക്കയിലെത്തിച്ച് ഉംറ ചെയ്യിപ്പിക്കാമെന്ന് കേട്ടപ്പോൾ അവർ വീണു. പണം കൊടുത്ത് വിസക്കായി കാത്തിരിപ്പായി. ഒടുവിൽ വിസയെത്തി. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയാണ് കിട്ടിയത്. ടൂറിസ്റ്റ് വിസയിൽ വന്നാലും ഉംറ നിർവഹിക്കാമെന്നും മദീന ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങളും സൗദിയിലെ മറ്റ് സ്ഥലങ്ങളും സന്ദർശിക്കാമെന്നും അയാൾ പറഞ്ഞതോടെ അവരുടെ ഉള്ളം തുടിച്ചു. സൗദിയിലേക്ക് പറന്നാൽ മതിയെന്നായി.

 

ഇക്കഴിഞ്ഞ മാർച്ച് 28 ന് റിയാദിലെത്തി. 300 കിലോമീറ്ററകലെ ദവാദ്മിക്ക് സമീപം അറജ എന്ന ഗ്രാമത്തിലേക്കാണ് അയാൾ കൂട്ടിക്കൊണ്ടുപോയത്. ഇപ്പോൾ ഉംറ ചെയ്യാൻ കഴിയില്ല, ഹജ്ജിന് മുമ്പായതിനാൽ നല്ല തിരക്കാണ്, അത് കഴിഞ്ഞുപോകാം അതുവരെ ഇവിടെ താമസിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അറജയിലെ ഒരു സ്വദേശി പൗരെൻറ വീട്ടിൽ കൊണ്ടാക്കി. എന്നാൽ അവിടെ ഫർഹാനയെ കാത്തിരുന്നത് ഇരുട്ടുവെളുക്കെ ചെയ്താലും തീരാത്ത വീട്ടുജോലിയാണ്.

നാലുമാസം കഴിഞ്ഞിട്ടും ഏജൻറ് അക്രം വഷി വരുകയോ ഉംറക്ക് കൊണ്ടുപോവുകയോ ചെയ്തില്ല. മാത്രമല്ല ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിയുകയും ചെയ്തു. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ ആ വീട്ടിൽ തന്നെ പൂട്ടിയിടുകയും ചെയ്തു. ഏജൻറിനെ വിളിച്ചപ്പോൾ മര്യാദക്ക് അവിടെ അടങ്ങി നിൽക്കാനും അല്ലെങ്കിൽ ഒരിക്കലും നാടുകാണില്ലെന്നുമുള്ള ഭീഷണിയാണ് അയാളിൽ നിന്നുണ്ടായത്. ദവാദ്മിയിലെ മലയാളി കൂട്ടായ്മയായ ഹെൽപ് ഡെസ്ക് ഇതറിഞ്ഞ് വിവരം ഇന്ത്യൻ എംബസിയെ അറിയിച്ചു. ആ ദുരിതത്തിൽ നിന്ന് ഫർഹാനയെ രക്ഷിക്കാൻ രംഗത്തിറങ്ങി.എംബസി ലേബർ അറ്റാഷെക്ക് രേഖാമൂലം പരാതി അയച്ചതിെൻറ അടിസ്ഥാനത്തിൽ നിയമപരമായ നടപടി ആരംഭിച്ചു.

മൾട്ടിപ്പിൽ എൻട്രി വിസയായതിനാൽ മൂന്ന് മാസത്തെ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് വിസ പുതുക്കാൻ രാജ്യത്തിന് പുറത്ത് പോകണം. അതുണ്ടാവാത്തതിനാൽ കാലാവധി കഴിഞ്ഞു നിയമലംഘകയായിരിക്കുകയാണ്. വലിയ തുക പിഴ കെട്ടേണ്ടി വരും. മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. മാത്രമല്ല ഉംറ തീർഥാടനമെന്ന അവരുടെ ജീവിതാഭിലാഷം നരകയാതനയുടെ ചൂടിലെരിഞ്ഞുപോവുകയും ചെയ്തു.

അയൽവാസിയായ ഏജൻറ്, 15,000 രൂപക്ക്  ഉംറ ചെയ്യിപ്പിക്കാമെന്ന് മോഹിപ്പിച്ചു കെണിയിൽ പെടുത്തി കൊണ്ടുവന്ന് 7,000 റിയാലിന് സ്വദേശി പൗരന് വിറ്റ് വീട്ടുവേലകാരിയാക്കി മാറ്റുകയായിരുന്നു. വിവരമറിഞ്ഞ മലയാളി കൂട്ടായ്മയായ ദവാദ്മി ഹെൽപ് ഡെസ്കിന്‍റെ ശ്രമഫലമായി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് ഇടപെട്ട് മോചിപ്പിച്ചത്. ഉംറ കഴിഞ്ഞു തിരികെ എത്തിയാൽ പൊലീസിൽ റിപ്പോർട്ട് ചെയ്ത്, പിഴ അടച്ചാൽ മാത്രമേ നാട്ടിലേക്ക് പോവാൻ കഴിയുകയുള്ളൂ.

അനധികൃതമായി ജോലിക്ക് നിർത്തിയ സൗദി പൗരനെ കൊണ്ട് തന്നെ പിഴ സംഖ്യ അടപ്പിച്ചു നാട്ടിലേക്ക് കയറ്റി വിടാനാണ് ശ്രമിക്കുന്നത്. സൗദി പൗരൻ അതിന് തയ്യാറായില്ലെങ്കിൽ ഏജൻറിനെ കണ്ടെത്തി അടപ്പിക്കാൻ ശ്രമിക്കും. അതിനും കഴിഞ്ഞില്ലങ്കിൽ മാത്രം സുമനുസകളിൽ നിന്ന് സഹായം കണ്ടെത്താൻ ശ്രമിക്കുമെന്ന് റിയാസ് പോത്തനൂർ പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!