ഏഷ്യൻ ഗെയിംസ്: മലയാളി താരങ്ങൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ (Asian Games) മത്സരിക്കുന്ന മലയാളി താരങ്ങൾക്ക് മുൻകൂട്ടി പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കായിക മന്ത്രി ഒ ജെ ജനീഷ് ആണ് വൻ തുകയുടെ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ മലയാളി കായിക താരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകും.
സ്വർണ്ണ മെഡൽ നേടുന്ന കായിക താരങ്ങൾക്ക് 50 ലക്ഷം രൂപയാണ് പാരിതോഷികമായി നൽകുക. വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കല മെഡൽ നേടുന്നവർക്ക് 20 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
താരങ്ങൾക്ക് പുറമെ അവർക്ക് പരിശീലനം നൽകുന്ന കോച്ചുമാർക്കും പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ്ണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് 5 ലക്ഷം രൂപ നൽകും. വെള്ളി മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും വെങ്കല മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 2 ലക്ഷം രൂപയും വീതമാണ് ലഭിക്കുക.
ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് വിജയങ്ങൾ വരിച്ച് തിരിച്ചെത്തുന്ന താരങ്ങൾക്കുള്ള പ്രോത്സാഹനമായാണ് സർക്കാർ ഈ അഡ്വാൻസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.


