എണ്ണക്കപ്പലുകൾ തകർത്തതിന് കലി തീർത്ത് ഇറാൻ: ജോർദാനിൽ മിസൈൽ ‘തീമഴ’!

യുഎസ് സേനയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പശ്ചിമേഷ്യയിൽ വീണ്ടും പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. എണ്ണക്കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി ജോർദാനിലെ യുഎസിന്റെ വ്യോമസേനാ താവളത്തിനു നേരെ ഇറാൻ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ഇതിനു പുറമെ ഹോർമുസ് കടലിടുക്കിൽ നിന്ന് യുഎസിന്റെ അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തതായും ഐആർജിസി അവകാശപ്പെട്ടു.

∙ ജോർദാനിലെ യുഎസ് താവളത്തിന് നേരെ മിസൈൽ മഴ

യുഎസ് സൈന്യം ഉപയോഗിക്കുന്ന ജോർദാനിലെ അൽ-അസ്രഖ് വ്യോമസേനാ താവളം ലക്ഷ്യമാക്കിയാണ് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്. തങ്ങളുടെ 5 എണ്ണക്കപ്പലുകൾ തകർത്ത യുഎസ് നടപടിക്കുള്ള ‘ശിക്ഷാനടപടി’ എന്നാണ് ഇറാൻ സൈന്യം ഇതിനെ വിശേഷിപ്പിച്ചത്.

ലിക്വിഡ്, സോളിഡ് ഫ്യുവൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒട്ടേറെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടു. യുഎസിന്റെ എഫ്-35, എഫ്-16, എഫ്-15 യുദ്ധവിമാനങ്ങൾ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഹാങ്കറുകൾ, ഷെൽട്ടറുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും യുഎസ് കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

∙ 18 മിസൈലുകൾ തകർത്തതായി ജോർദാൻ

ഇറാൻ തൊടുത്ത 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണവും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർത്തതായി ജോർദാൻ സൈന്യം വ്യക്തമാക്കി. രണ്ട് മിസൈലുകൾ ആളൊഴിഞ്ഞ വിജനമായ പ്രദേശങ്ങളിലാണ് പതിച്ചതെന്നും, ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജോർദാൻ വ്യോമസേന അറിയിച്ചു. മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

∙ കുവൈത്തിലെയും ബഹ്റൈനിലെയും ടാങ്കറുകൾക്ക് ഇറാന്റെ മുന്നറിയിപ്പ്

മേഖലയിലെ സംഘർഷം ശക്തിപ്പെടുന്നതിനിടെ, കുവൈത്ത്, ബഹ്റൈൻ തുറമുഖങ്ങൾക്ക് സമീപമുള്ള എണ്ണക്കപ്പലുകളിലെ ജീവനക്കാരോട് ഉടൻ ഒഴിഞ്ഞ് പോകാൻ ഐആര്‍ജിസി നാവികസേനാ വിഭാഗം മുന്നറിയിപ്പ് നൽകി. യുഎസ് സൈന്യത്തിന് സഹായവും താവളവും ഒരുക്കുന്ന രാജ്യങ്ങളാണ് കുവൈത്തും ബഹ്റൈനും എന്നും, അതിനാൽ അവിടെ നങ്കൂരമിട്ടിരിക്കുന്നതും ബെർത്ത് ചെയ്തിരിക്കുന്നതുമായ യുഎസ് ബന്ധമുള്ള ടാങ്കറുകൾ ഇറാന്റെ ആക്രമണ പരിധിയിലാണെന്നും ഐആർജിസി വ്യക്തമാക്കി.

…..

Share