ഇറാൻ യുദ്ധം: അമേരിക്കൻ സേനക്ക് കനത്ത നഷ്ടം; 820 പേർക്ക് പരിക്ക്, 18 സൈനികർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ 30 അമേരിക്കൻ സൈനികർക്ക് കൂടി പരിക്കേറ്റതായി പെന്റഗണിന്റെ കാഷ്വാലിറ്റി ഡാറ്റാബേസ് വെളിപ്പെടുത്തി. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിൽ പരിക്കേറ്റ അമേരിക്കൻ സൈനികരുടെ എണ്ണം 820 ആയി. യുദ്ധത്തിനിടെ ഇതുവരെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മാസങ്ങളായി തുടരുന്നതിനിടെ മേഖലയിൽ സൈനിക ഏറ്റുമുട്ടലുകൾ വീണ്ടും ശക്തമായിട്ടുണ്ട്. സെപ്റ്റംബർ 8ന് ഇറാൻ ജോർഡനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം മിസൈലുകളും ജോർഡൻ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായാണ് വിവരം. ഈ ആക്രമണത്തിലാണോ പുതുതായി സൈനികർക്ക് പരിക്കേറ്റതെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, ഇടവേളക്കുശേഷം യു.എസ്-ഇറാൻ സംഘർഷം വീണ്ടും കനക്കുകയാണ്. തന്ത്രപ്രധാന ഹുർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചാണ് ഇപ്പോൾ സംഘർഷം ശക്തമാകുന്നത്. യു.എസിന്‍റെ അത്യാധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ റെവലൂഷനറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച അഞ്ച് ഇറാൻ എണ്ണ കപ്പലുകൾ തങ്ങൾ തകർത്തതായി യു.എസ് സൈന്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇറാന്‍റെ അവകാശവാദം. ഈ ആക്രമണങ്ങളുടെ വിഡിയോ യു.എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിരുന്നു.

ഇതിനിടെ, ഇറാനെതിരായ പോരാട്ടത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികന്റെ കുടുംബത്തിന് ആനുകൂല്യങ്ങൾ നൽകാൻ പെന്റഗൺ വിസമ്മതിച്ചത് അമേരിക്കയിൽ വൻ വിവാദത്തിന് തിരികൊളുത്തി. ഇറാഖിൽ KC-135 റീഫ്യൂവലിങ് വിമാനം തകർന്നുവീണ് കൊല്ലപ്പെട്ട 33-കാരനായ മേജർ അലക്സ് ക്ലിന്നറുടെ ഭാര്യ ലിബി ക്ലിന്നറിനാണ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടത്. ഇറാനുമായി നടക്കുന്നത് ‘സാങ്കേതികമായി ഒരു യുദ്ധമല്ല’ എന്ന് ചൂണ്ടിക്കാട്ടിയാണ് പെന്റഗൺ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചത്. സംഭവം ലിബി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതോടെ പെന്റഗണിനെതിരെ രാജ്യത്തുടനീളം കടുത്ത രോഷമാണ് ഉയരുന്നത്.

Share